SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

കുറ്റ്യാടി നിസാര്‍ വധശ്രമം: ഉന്നത നേതാവിന് പങ്ക്- എസ്.ഡി.പി.ഐ
jaleelkkp
കോഴിക്കോട്
23 നവംബർ 2015

കോഴിക്കോട്: കുറ്റ്യാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നിസാറിനെ പട്ടാപ്പകല്‍ കടയില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതാവിന് പങ്കുണ്ടെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സമാനമായ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്ന ഈ നേതാവാണ് നിസാര്‍ വധശ്രമത്തിനു പിന്നിലും പ്രധാനപങ്കുവഹിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ സജീവമാവാതിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം ഒരു സുവാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിയതിനു ശേഷമാണ് അവര്‍ രംഗത്തിറിങ്ങിയതെന്ന് പ്രദേശത്തെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്.
കടയില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയതാണെന്ന രീതിയില്‍ തുടക്കത്തില്‍ സി.പി.എം കേന്ദ്രങ്ങള്‍ പുറത്തുവിട്ട പ്രചാരണം അക്രമം ആസൂത്രിതവും നേതൃത്വത്തിന്റെ അറിവോടെയും ആയിരുന്നുവെന്നതിനു തെളിവാണ്. പരിക്കേറ്റ നിസാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അത്തോളിയില്‍ വാഹനം പോലിസ് തടഞ്ഞുനിര്‍ത്തിയതിനു പിന്നിലും സി.പി.എമ്മിന്റെ ഇടപെടലുണ്ട്. കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി മനീഷുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ വെളിപ്പെടുത്തലുകളും അന്വേഷണം അട്ടിമറിക്കാനുള്ള സി.പി.എം-പോലിസ് ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും പ്രതികളുടെ അറസ്റ്റ് വൈകുന്നതും ഉന്നതനേതാവിന്റെ ഇടപെടല്‍ മൂലമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് ജില്ലയില്‍ ആഭ്യന്ത്രമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ച ആളാണ് ഇദ്ദേഹം എന്നതും ഓര്‍ക്കേണ്ടതാണ്. പദവി ഉപയോഗിച്ച് പോലിസില്‍ സ്വാധീനം ചെലുത്തുന്ന ഈ നേതാവിന് ഭരിക്കുന്നവരുടെ പോലും പിന്തുണയുണ്ടെന്നു വേണം കരുതാന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ സാഹസികമായി പ്രതികളെ കസ്റ്റഡിയിലെടുത്ത് മികവ് തെളിയിച്ച കേരള പോലിസിലെ അന്വേഷണ സംഘത്തിന് പകല്‍പോലെ വ്യക്തമായ തെളിവുകള്‍ അവശേഷിച്ച ഈ കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാനായില്ല എന്നത് ഇതാണ് സൂചിപ്പിക്കുന്നത്.
പ്രദേശത്ത് മുമ്പ് നടന്ന സി.പി.എം പ്രവര്‍ത്തകരുടെ കൊലകളിലുള്ള മനോവേദനയാണ് കൃത്യത്തിന് പ്രേരണയെന്ന് പിടിയിലായ മനീഷിന്റെ മൊഴിയെ ഉദ്ധരിച്ചുള്ള പോലിസ് ഭാഷ്യവും സി.പി.എം തിരക്കഥ തന്നെയാണ് സി.പി.എം നേതൃത്വത്തെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് രക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ കൃത്യത്തില്‍ നേരിട്ടുപങ്കെടുത്തതായി പറയുന്ന ആറു സി.പി.എം. പ്രവര്‍ത്തകരില്‍ കേസ് നടപടികള്‍ ഒതുക്കാനാണ് പോലീസ് നീക്കം. സി.പി.എം. സമ്മര്‍ദ്ദത്തിന് പോലീസ് കീഴ്‌പ്പെട്ടതാണിതിന് കാരണം.
മനീഷ് അഞ്ചു ദിവസം ഒളിവില്‍ താമസിച്ചതെവിടെയെന്നതിനു കൃത്യമായ ഉത്തരം നല്‍കാന്‍  പോലിസിന് കഴിയുന്നില്ല. മനീഷിന് അഞ്ചു ദിവസം ആര് അഭയം നല്‍കിയെന്ന അന്വേഷണം  സിപിഎം നേതാവിലേക്കാണ് എത്തിപ്പെടുകയെന്നതിനാലാണ് പോലിസ് ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാത്തത്. വെട്ടിയത് താനാണെന്ന് സമ്മതിച്ചതായും വീടിനോടു ചേര്‍ന്ന തുറസ്സായ പറമ്പില്‍ ഒളിവില്‍ താമസിച്ചതായുള്ള പ്രതിയുടെ മൊഴി ഉന്നത നേതാവിനെയും പാര്‍ട്ടിയെയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംഭവത്തിന് ശേഷം മനീഷിനെയും കൊണ്ട് നിസാറിന്റെ കടയുടെ പരിസരത്ത് പോലിസ് നടത്തിയ തെളിവെടുപ്പും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന നാട്ടുകാരോട് മനീഷിനെ കാണിച്ചുകൊടുത്തുകൊണ്ട് ഇവനാണ് അക്രമണം നടത്തിയതെന്ന രീതിയിലുള്ള പോലിസ് പരാമര്‍ശങ്ങള്‍ വിചിത്രവും ദുരൂഹവുമാണ്. കേസിലെ പ്രതികള്‍ക്ക് അഭയം നല്‍കുകയും തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിന് അറസ്റ്റിലായ സിപിഎമ്മുകാരായ ദമ്പതികളുടെ വീട് പിറ്റേദിവസം തന്നെ ഉന്നത സിപിഎം നേതാവ് സന്ദര്‍ശിച്ചിരുന്നു. വധശ്രമത്തില്‍ പങ്കെടുത്തവരെ  മാത്രമല്ല പ്രേരണനല്‍കിയവരെ കൂടി പിടികൂടിയാലേ അന്വേഷണം നേര്‍വഴിക്കാണെന്ന് പറയാന്‍ കഴിയൂ.
നിസാര്‍ വധശ്രമക്കേസില്‍ സി.പി.എം നേതാവിന്റെയും പാര്‍ട്ടിയുടെയും പങ്ക് വ്യക്തമായിട്ടും  ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോവും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
1. മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്, എസ്.ഡി.പി.ഐ)
2. നജീബ് അത്തോളി (ജില്ലാ സെക്രട്ടറി)
3. ആര്‍.എം. റഹീം മാസ്റ്റര്‍ (കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്)