തിരൂര്‍ ജില്ല രൂപീകരണം: എസ്.ഡി.പി.ഐ അന്തിമസമരത്തിനൊരുങ്ങുന്നു
jaleelkkp
മലപ്പുറം
30 സെപ്റ്റംബർ 2015
മലപ്പുറം: ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ അന്തിമസമരത്തിന് രൂപം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ജില്ല നേരിടുന്ന വികസന മുരടിപ്പിനും വിവേചനത്തിനുമുള്ള പരിഹാരമാണ് പുതിയ ജില്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ തീരപ്രദേശത്തെയും കിഴക്കന്‍ മേഖലയായ മലയോര പ്രദേശത്തെയും വികസന കുതിപ്പ് ഇതോടെ യാഥാര്‍ഥ്യമാകും. ജില്ലാവിഭജനക്കാര്യത്തില്‍ എസ്.ഡി.പി.ഐയുടെ രാഷ്ട്രീയം വികസനമാണ്. ജില്ലയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന വികസന വിവേചനം അവസാനിപ്പിക്കാന്‍ ജില്ല വിഭജിക്കുകയല്ലാത്ത ഒരു ഒത്തുതീര്‍പ്പിനും എസ്.ഡി.പി.ഐ ഒരുക്കമല്ല.
മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2010 ജൂണ്‍ 21ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കും നിവേദനം നല്‍കിയതു മുതല്‍ പാര്‍ട്ടി സമരമുഖത്താണ്. ജില്ലാവിഭജന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി സെമിനാര്‍, ജില്ലാവിഭജനത്തിന്റെ ആവശ്യകത വിശദീകരിച്ച് വാഹനജാഥ, സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കാന്‍ അനുവദിക്കാതിരിക്കല്‍ സമരം, ജനകീയ ഒപ്പു ശേഖരണം, കളക്ടറേറ്റ് ധര്‍ണ, താലൂക്ക് ഓഫീസ് മാര്‍ച്ച്, ജില്ലയുടെ സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ച് ഇടത്‌വലത് ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും മെമൊറാണ്ടം സമര്‍പ്പിക്കല്‍, ദൈ്വമാസ കാംപയിന്‍ തുടങ്ങി വിവിധ സമരപരിപാടികള്‍ക്കു പുറമെ ഇതെ ആവശ്യമുന്നയിച്ച് ജില്ലയെ നിശ്ചലമാക്കിയുള്ള ജനകീയ ഹര്‍ത്താലിനും പാര്‍ട്ടി നേതൃത്വം നല്‍കി. പാര്‍ട്ടി നടത്തിയ സമരങ്ങള്‍ക്ക് മലപ്പുറം ജനത നല്‍കിയ പിന്തുണ പുതിയ ജില്ലയെന്ന ആവശ്യം ജില്ലയുടെ പൊതുവികാരമാണെന്നതിന് തെളിവാണ്.
സമര പരിപാടികളുടെ അന്തിമഘട്ടത്തില്‍ മലപ്പുറത്തെ സ്‌നേഹിക്കുന്ന മുഴുവനാളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമരത്തിനാണ് പാര്‍ട്ടി രൂപം നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി ഒന്നിന് മലപ്പുറം ജനത സെക്രട്ടറിയേറ്റ് വളയും. ഇതിനു മുന്നോടിയായി ജില്ലയിലെ ജനപ്രതിനിധികള്‍ക്കു മുമ്പില്‍ നില്‍പ്പ് സമരം, പതിനഞ്ചാം ജില്ലക്ക് വേണ്ടി പഞ്ചായത്ത് തലപദയാത്ര, മമ്പുറം മുതല്‍ വെളിയങ്കോട് വരെ ജനകീയ പ്രക്ഷോഭയാത്ര, ജില്ലാ വിഭജനത്തെക്കുറിച്ചുള്ള ജനഹിതമറിയാന്‍ വോട്ട് വണ്ടി തുടങ്ങി വിവിധങ്ങളായ സമരബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ദേശീയസമിതിയംഗം നസറുദ്ദീന്‍ എളമരം, സംസ്ഥാന ഖജാന്‍ജി ജലീല്‍ നീലാമ്പ്ര, ജില്ലാ വൈസ് പ്രസിഡന്റ്, സി ജി ഉണ്ണി, ജില്ലാ ജനറല്‍ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍ പങ്കെടുത്തു.