മലപ്പുറത്തെ ജനകീയ ബദലിനെ ഇല്ലാതാക്കിയത് സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത; എസ്.ഡി.പി.ഐ
Jaleelkkp
മലപ്പുറം
09 നവംബർ 2015
മലപ്പുറം: മലപ്പുറത്തെ അധികാരമാഫിയക്കെതിരെ ഉയര്‍ന്നു വരേണ്ട ജനകീയ ബദലിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്. തങ്ങള്‍ എല്ലാത്തിനും പോന്നവരാണെന്ന സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത മലപ്പുറത്തെ വീണ്ടും പിറകോട്ടടിപ്പിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുസ്ലിംലീഗ്-യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കിയാല്‍ നാട്ടില്‍ നടക്കുന്ന അഴിമതിക്കഥകള്‍ പുറത്തു വരും. കോടിക്കണക്കിന് പണമാണ് വിവിധ പേരുകളില്‍ ജില്ലയില്‍ പൊടിച്ചു കളഞ്ഞിരിക്കുന്നത്. ജയിക്കാന്‍ വേണ്ടി ചിലവഴിച്ച പണം തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കും ഇനിയുള്ള നാളുകളില്‍ ഇത്തരക്കാരില്‍ നിന്നുണ്ടാവുക. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മതസ്ഥാപനങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ കാറ്റില്‍ പറത്തി മതഗ്രന്ഥങ്ങളെപ്പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച തരം താണ നടപടികളാണ് ജില്ലയിലുടനീളം കണ്ടത്.
അധികാരത്തിനു വേണ്ടി ജനങ്ങള്‍ക്കു മുമ്പില്‍ കുമ്പസാരിച്ചവര്‍ അധികാരം കിട്ടിയതോടെ സ്ത്രീത്വത്തെ പരസ്യമായ അവഹേളിക്കുന്ന തരത്തിലേക്ക് തരം താഴ്ന്നത് ഏതു രാഷ്ട്രീയ മാന്യതയാണെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കണം. രാഷ്ട്രീയ മാന്യതക്കു പകരം അണികളില്‍ സഹജീവി വിദ്വേഷവും അസഹിഷ്ണുതയും കുത്തി വക്കുന്ന മുസ്ലിംലീഗ് അധികാരത്തിന്റെ സുഖലോലുപതയില്‍ സ്ത്രീത്വത്തിനു മേല്‍ കുതിര കയറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
വിവേചനമില്ലാത്ത വികസനത്തിനായി തിരഞ്ഞെടുപ്പിനെ നേരിട്ട എസ്.ഡി.പി.ഐയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ കണ്ടത്. പാര്‍ട്ടിക്ക് വോട്ട് നല്‍കി നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നിലയുറപ്പിച്ച മുഴുവന്‍ വോട്ടര്‍മാരെയും വിജയിച്ച സാരഥികളെയും ജില്ലാസെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ് അധ്യക്ഷത വഹിച്ചു. ഖജാന്‍ജി എ കെ സൈതലവിഹാജി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, പി എം ബഷീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എം ഖമറുദ്ദീന്‍, എ എം സുബൈര്‍ സംസാരിച്ചു.