SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

സംസ്ഥാന ഹജ്ജ് ഹൗസ് കരിപ്പൂരില്‍ നിന്നു മാറ്റരുത്: എസ്.ഡി.പി.ഐ
jaleel kkp
മലപ്പുറം
26 ഫെബ്രുവരി 2016

മലപ്പുറം: സംസ്ഥാന ഹജ്ജ് ഹൗസ് കരിപ്പൂരില്‍ നിന്നു മാറ്റാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗള്‍ഫ് യാത്രക്കാര്‍ ആശ്രയിക്കുന്നതും വിദേശ നാണ്യ വരുമാനത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതുമായ വിമാനത്താവളമാണ് കരിപ്പൂര്‍. പത്ത്് വര്‍ഷം മുമ്പ് അന്താരാഷ്ട്ര പദവി ലഭിച്ച ഇവിടെ പരിമിത സൗകര്യങ്ങളിലും വിദേശ വിമാനങ്ങള്‍ ഇറങ്ങിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും നല്ല വിമാനത്താവളമായി കരിപ്പൂര്‍ വളര്‍ന്ന് വരുന്നതിനിടയിലാണ് ചില കറുത്ത കൈകള്‍ പ്രത്യേക താല്‍പര്യങ്ങളോടെ ഇതിനെ തകര്‍ക്കാന്‍ രംഗത്തുവരുന്നത്. ആരംഭ കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ മുംബൈ ലോബിയാണ് രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് നെടുമ്പാശ്ശേരി ലോബിയായി മാറിയിരിക്കുകയാണ്.
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹജ്ജ് ഹൗസ് മാറ്റാനുള്ള നീക്കവും നടത്തുന്നത്. അഞ്ചരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് ഇതോടെയുണ്ടാകുക. വിമാനത്താവള വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹജ്ജ് സേവനം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് താല്‍ക്കാലികമാണെന്നു പറഞ്ഞ സംസ്ഥാന ഹജ്ജ് മന്ത്രിയടക്കമുള്ളവര്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ ഹജ്ജ് കര്‍മത്തിനും മൂന്ന് ലക്ഷം പേര്‍ ഉംറക്കുമായി ഇവിടെ നിന്നും വിശുദ്ധ ഭൂമിയിലേക്ക് പോയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിമാനത്താവളം അടക്കുന്നതു വരെ കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോയിരുന്ന എല്ലാ ഹജ്ജാജിമാരും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് യാത്ര ചെയ്തിരുന്നത്. സ്വകാര്യ ക്വാട്ടയില്‍ വര്‍ഷം തോറും പതിനയ്യായിരം പേരും പോകുന്നത് ഇവിടെ നിന്നാണ്്. ഹജ്ജ് ക്വാട്ട വര്‍ധിച്ചാല്‍ ഇവരുടെ എണ്ണം ഇനിയും കൂടും.  സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്നവരില്‍ 80 ശതമാനവും മലബാറുകാരാണെന്ന് ഹജ്ജ് കമ്മിറ്റി തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്നവരില്‍ മഹാഭൂരിപക്ഷവും പ്രായം കൂടിയവരും വൃദ്ധരുമാണ്. അവര്‍ക്ക് നെടുമ്പാശ്ശേരി വഴിയുള്ള യാത്ര വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളവും കരിപ്പൂരാണ്. ഒരു വര്‍ഷം 10 ലക്ഷം പേര്‍ ഈ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഏകദേശ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവുമാണ് കരിപ്പൂര്‍ വിമാനത്താവളം. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ വരുന്നത് വരെ പത്ത് വിദേശ വിമാന കമ്പനികള്‍ ഇവിടെ നിന്നും വലിയ വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടു പോയിരുന്നു. അതില്‍ ആറ് കമ്പനികളും കഴിഞ്ഞ മെയ് മാസത്തോടെ സേവനം നിര്‍ത്തി വച്ചു. ഇവക്കു പകരം ചെറിയ ജംബോ വിമാനങ്ങള്‍ ഓടിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞിരുന്നുവെങ്കിലും അതിനായി കാര്യമായ ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ദമാം വിമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ലാഭവിഹിതം പറ്റുന്ന സ്വകാര്യ മുതലാളിമാരെ പ്രീതിപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കരിപ്പൂരില്‍ നിന്നുള്ള വിമാനയാത്രാക്കൂലി ഭീമമായി വര്‍ധിപ്പിക്കുകയും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള യാത്രാക്കൂലി കുറക്കുകയും ചെയ്യുന്നതിലൂടെ വിമാനക്കമ്പനികളും കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കുന്നതില്‍ പങ്ക് വഹിക്കുകാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട മലബാറിലെ ജനപ്രതിനിധികള്‍ കുറ്റകരമായ മൗനത്തിലുമാണ്. കരിപ്പൂരിന്റെ ചിറകരിയാനും ഹജ്ജ് ഹൗസ് മാറ്റാനുമുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയില്ലെങ്കില്‍ എസ്.ഡി.പി.ഐ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി ദാവൂദ് മാസ്റ്റര്‍, വൈസ്പ്രസിഡന്റുമാരായ വി ടി ഇക്‌റാമുല്‍ഹഖ്, സി ജി ഉണ്ണി, സെക്രട്ടറി ടി എം ഷൗക്കത്ത് പങ്കെടുത്തു.