SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്‍, ഭരണഘടന അട്ടിമറിക്കാനുള്ള കുൽസിത ശ്രമം - എം കെ ഫൈസി
sdpi
31 ഡിസംബർ 2021

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്,

ഭരണഘടന അട്ടിമറിക്കാനുള്ള കുൽസിത ശ്രമം - എം കെ ഫൈസി

ഭരണഘടനയുടെ ആമുഖം (പ്രിആംബ്ൾ) ഭേദഗതി ചെയ്യാനായി ബിജെപി രാജ്യസഭാംഗം അൽഫോൺസ് കെജെ കൊണ്ടുവന്നിട്ടുളള ബില്ല്, ഭരണഘടനയെ അട്ടിമറിക്കാനുള്ള കുൽസിത ശ്രമമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു.

പ്രിആംബിളിലെ ചില പദപ്രയോഗങ്ങൾക്ക് പകരം പുതിയവ കൊണ്ടുവരാനും തികച്ചും പുതിയ ചില പദപ്രയോഗങ്ങൾ ഉപയോഗിക്കാനുമാണ് ഭേദഗതിയിലൂടെ നിർദേശിക്കുന്നത്. പ്രിആംബിളിൽ ഉൾപ്പെട്ടിരിക്കുന്ന തരത്തിലുള്ള ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളും മൗലിക ഘടകങ്ങളും ആർട്ടിക്കിൾ 368 പ്രകാരം ഭേദഗതി വരുത്താവതല്ല എന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതാണ്. 1975 - 77 ലെ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് ഒരു തവണ മാത്രമാണ് പ്രിആംബ്ൾ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. ഈ 42 ആം ഭേദഗതിയിലൂടെ സോഷ്യലിസ്റ്റ്, സെക്യുലർ, ഇന്റഗ്രിറ്റി തുടങ്ങിയ മൂന്ന് പ്രയോഗങ്ങളാണ് പ്രിആംബ്ളിൽ ചേർക്കപ്പെട്ടത്. ജനാധിപത്യ-നീതിന്യായ മൂല്യങ്ങൾക്കൊന്നും യാതൊരു സ്ഥാനവുമില്ലാതിരുന്ന സമ്പൂർണ സമഗ്രാധിപത്യമായിരുന്നു അടിയന്തരാവസ്ഥ കാലത്ത് നിലനിന്നിരുന്നത്.

അതിനാൽ തന്നെ കോടതി ഉത്തരവ് ലംഘിച്ചു കൊണ്ട് ഭേദഗതി പാസാക്കി. അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന നിരവധി ഭീകരനിയമങ്ങളും നിയമ നിർമാണങ്ങളും പാർലമെന്റും കോടതിയും പിന്നീട്‌ റദ്ദാക്കുകയോ നിയമ വിരുദ്ധമെന്ന് വിധിക്കുകയോ ചെയ്തെങ്കിലും 42 ആം ഭേദഗതിയിൽ പാർലമെന്റോ കോടതിയോ കൈവയ്ക്കുകയുണ്ടായില്ല.

ഇപ്പോൾ കൊണ്ടുവരപ്പെട്ടിട്ടുള്ള ഈ അനുചിതമായ ബില്ല്, വർണക്കടലാസിൽ പൊതിഞ്ഞ വഞ്ചനയും ഭരണഘടന തകർക്കാനുള്ള സംഘപരിവാര അജണ്ടയുടെ പ്രച്ഛന്ന രൂപത്തിലുളള അരങ്ങേറ്റവുമാണ്. നിയോഗിക്കപ്പെട്ട നേതാക്കൾ നടത്തുന്ന അസംബന്ധമെന്ന് തോന്നുന്ന പ്രസ്താവനകളെയും വായ്ത്താരികളെയും മറയാക്കി, സംഘപരിവാരം രാജ്യത്തെ ജനാധിപത്യ-മതേതര സംവിധാനത്തെ കാർന്നുതിന്നു കൊണ്ടിരിക്കുകയാണ്. തങ്ങൾ ഏറ്റവും ശക്തമായി എതിർക്കുന്ന ജനാധിപത്യ പ്രക്രിയയിലൂടെ അവർ ഭരണം കൈയടക്കി.

ജനാധിപത്യവും അതിന്റെ പഴുതുകളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും അവർ കാവിവൽക്കരിച്ചു. ഹിന്ദുരാഷ്ട്ര നിർമിതി പൂർത്തീകരിക്കുകയെന്ന അവരുടെ ലക്ഷ്യത്തിലേക്ക് ഇനി കുറഞ്ഞ വർഷങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഈ പാതയിൽ വൻവിഘാതമായി നിലകൊളളുന്ന ഭരണഘടനയെ ക്രമേണ ഇല്ലാതാക്കുകയെന്നതാണ് ഇന്നവരുടെ ആവശ്യം.

രാജ്യത്തെ സാമ്പത്തികത്തകർച്ച, കൂപ്പുകുത്തുന്ന ജിഡിപി, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, വർധിക്കുന്ന പട്ടിണി തുടങ്ങി അനേകം വിഷയങ്ങളേക്കാളും അവയ്ക്കാവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനേക്കാളും അൽഫോൺസിന്റെ ഔൽസുക്യം പ്രിആംബ്ൾ ഭേദഗതി ചെയ്യാനാണ്. ഇതത്ര നിഷ്കളങ്കമായ നീക്കമൊന്നുമല്ല. ഭരണഘടന തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ തിരികൊളുത്തലാണിത്.

സംഘപരിവാര ഭരണക്കാരിൽ നിന്നുളള ഓരോ നീക്കവും ആഭ്യന്തര അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു. ദുർവിനിയോഗം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആ അടിയന്തരാവസ്ഥ ഭരണഘടനാ പ്രകാരം പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. നിലവിൽ ഒരപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യബോധമുളള ജനങ്ങൾ ആലസ്യം കൈവെടിഞ്ഞ് ഉണർന്നെണീക്കാനും ഫാഷിസ്റ്റുകളെ ചെറുത്ത് തോൽപ്പിക്കാനുമുളള സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം നമുക്ക് മറു ശബ്ദമുയർത്താൻ ജനാധിപത്യം ഇവിടെ ബാക്കി കാണില്ല എന്നും ഫൈസി ഓർമപ്പെടുത്തി.