ഹരിദ്വാറിലും ഡല്‍ഹിയിലും മുസ്ലീം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഘപരിവാര നേതാക്കളെ അറസ്റ്റ് ചെയ്യുക - എസ്ഡിപിഐ
sdpi
31 ഡിസംബർ 2021
കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ധര്‍മ്മ സന്‍സദിലും (ഹിന്ദു പാര്‍ലമെന്റ്) ഡല്‍ഹിയില്‍ നടന്ന ഹിന്ദു യുവവാഹിനി സമ്മേളനത്തിലും തീവ്ര വലതുപക്ഷ സംഘപരിവാര വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്കെതിരായി നടത്തിയ വംശഹത്യാ ആഹ്വാനത്തെ എസ്ഡിപിഐ ശക്തമായി അപലപിച്ചു. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുന്ന ഇവരെ അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ആവശ്യപ്പെട്ടു.
ഇന്ത്യ ഒരു മതരാഷ്ട്രമല്ല. വൈവിധ്യമാര്‍ന്ന നിരവധി മത-സാംസ്‌കാരിക-സാമൂഹിക വിഭാഗങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നിടമാണ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളിലൂടെയും അക്രമങ്ങളിലൂടെയും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഘപരിവാര ഫാഷിസ്റ്റുകളുടെ നിരന്തരശ്രമങ്ങള്‍ക്കിടയിലും 2014 വരെ താരതമ്യേന സൗഹാര്‍ദ്ദപരമായ സാമൂഹിക അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്. തീവ്രവലതുപക്ഷ സംഘപരിവാര അക്രമികള്‍ അസംഖ്യം മുസ്ലിംകളെയും ദലിതുകളെയും കൊന്നൊടുക്കുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്ത നിരവധി വര്‍ഗീയ അക്രമങ്ങള്‍ ഇവിടെ അരങ്ങേറി. പക്ഷേ, വളരെക്കുറച്ച് സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, വംശഹത്യയ്‌ക്കോ കലാപത്തിനോ പരസ്യമായി ആഹ്വാനം ചെയ്യാന്‍ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല.
പൂര്‍ണമായി വിജയിച്ചില്ലെങ്കിലും രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, ഒരു പരിധി വരെ കലാപം നിയന്ത്രിക്കാനും കുറ്റവാളികളെ പിടികൂടാനും കഴിഞ്ഞിരുന്നു. എന്നാല്‍ 2004-ല്‍ കേന്ദ്രത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ഫാഷിസ്റ്റ്കള്‍ രാജ്യത്തെ സാമുദായിക സന്തുലിതാവസ്ഥയും സൗഹാര്‍ദ അന്തരീക്ഷവും പൂര്‍ണമായും തകര്‍ത്തു.
കേന്ദ്രത്തിലും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും വലതുപക്ഷ സംഘപരിവാര തീവ്രവാദികളെ ആര്‍എസ്എസ് സര്‍ക്കാര്‍ തെരുവില്‍ അഴിഞ്ഞാടാന്‍ അനുവദിച്ചു. മുസ്ലീംകള്‍ക്കോ ദലിതുകള്‍ക്കോ എതിരെയോ രാമന്റെ പേരിലോ ആണെങ്കില്‍ കാവി വസ്ത്രം ധരിച്ച ഏത് ഗുണ്ടയ്ക്കും നിര്‍ഭയമായി ഏത് ക്രൂരതയും ചെയ്യാമെന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്ക്കുന്നത്. നാട്ടില്‍ സമാധാനം ഉറപ്പാക്കാനോ ക്രമസമാധാനം നിലനിര്‍ത്താനോ സംഘി സര്‍ക്കാരുകള്‍ക്ക് താത്പര്യമില്ല.
നിലവിലെ സര്‍ക്കാര്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മുസ്ലിംകളെ വംശഹത്യ ചെയ്യാന്‍ പരസ്യമായും മറയില്ലാതെയും അവര്‍ ആഹ്വാനം ചെയ്യാന്‍ ധൈര്യപ്പെടുന്നത് . തങ്ങളുടെ ആഹ്വാനം നടപ്പിലാക്കിയാലും നിയമനടപടി നേരിടേണ്ടിവരില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ഈ വിദ്വേഷകര്‍ മനഃപൂര്‍വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അതിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു.
ബിജെപി നേതാവ് അശ്വിനി ഉപാധ്യായുടെ പങ്കാളിത്തം, അധികാരികളുടെ അനുവാദത്തോടെയും അറിവോടെയുമാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നതിന്റെ നേര്‍ സാക്ഷ്യമാണ്. '... ഈ ശുചീകരണ യജ്ഞം (സഫായി അഭിയാന്‍) നടത്താന്‍ ഓരോ ഹിന്ദുവും ആയുധമെടുക്കണം'' എന്ന ഉത്തരാഖണ്ഡില്‍ നിന്നുള്ള വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാസേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരിയുടെ പ്രസ്താവന കലാപത്തിനുള്ള വ്യക്തമായ ആഹ്വാനമാണ്. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ക്രിമിനല്‍ കുറ്റകൃത്യവുമായ ഈ ആഹ്വാനത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്.
സമാന്തരമായി, ഡല്‍ഹിയില്‍ തീവ്ര സംഘപരിവാര ഗ്രൂപ്പും യോഗി ആദിത്യനാഥിന്റെ സൃഷ്ടിയുമായ യുവവാഹിനിയുടെ മറ്റൊരു സമ്മേളനത്തില്‍, വിദ്വേഷ ഉത്പാദകന്‍ സുരേഷ് ഷവാന്‍കെ ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്ട്രമാക്കാന്‍' 'ആവശ്യമെങ്കില്‍ പോരാടുക, മരിക്കുക, കൊല്ലുക' എന്ന് ആഹ്വാനം ചെയ്യുകയും, ഈ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു
വര്‍ഗീയ വിഷം നിറഞ്ഞ ഈ രണ്ട് സമ്മേളനങ്ങളും പ്രസ്താവനകളും സത്യപ്രതിജ്ഞകളും കലാപത്തിലൂടെ രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനും വംശീയ ഉന്മൂലനം നടപ്പാക്കാനുമുള്ള വലതുപക്ഷ സംഘപരിവാര അക്രമികളുടെ ഗൂഢപദ്ധതിയുടെ വ്യക്തമായ സൂചനയാണ്.
ബിജെപി സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സംഘപരിവാര തീവ്രവാദികളുടെ ഇത്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക പരിഹാരം ശക്തമായ ജനകീയ പ്രതിരോധമാണ്. ഈ വര്‍ഗീയവാദികളെ കടിഞ്ഞാണിട്ടാല്‍ മാത്രമേ സമാധാനവും ഐക്യവും നിലനില്‍ക്കൂ. ജനകീയ പ്രതിരോധത്തിലൂടെ ഈ തീവ്രവാദികളെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ രാജ്യത്തെ ജനാധിപത്യ, മതേതര ജനത കൈകോര്‍ക്കണമെന്ന് ഇല്യാസ് മുഹമ്മദ് തുംബെ അഭ്യര്‍ത്ഥിച്ചു.