ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക: എംകെ ഫൈസി
sdpi
31 ഡിസംബർ 2021
ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങള്‍ സംഘപരിവാരം അവസാനിപ്പിക്കണമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ആവശ്യപ്പെട്ടു.
മുസ്ലിംകള്‍ക്ക് മേല്‍ ഉള്ളത്ര വ്യാപകമല്ലെങ്കിലും ക്രൈസ്തവ സമൂഹത്തിന് മേലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഒരു പുതുമയല്ല. സ്വാതന്ത്ര്യത്തിനു മുമ്പ് മുതലേ സംഘപരിവാരത്തിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് വിധേയരായിരുന്നു മുസ്ലിംകള്‍. സ്വാതന്ത്ര്യാനന്തരം മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്രാപിക്കുകയും ക്രൈസസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ആര്‍എസ്എസ് ആചാര്യനും രണ്ടാം സര്‍സംഘചാലകും ആയിരുന്ന ഗോള്‍വള്‍ക്കര്‍ നിര്‍വചിച്ചത് പ്രകാരം, രാഷ്ട്രത്തിന്റെ രണ്ടാമത്തെ ശത്രുക്കളാണ് ക്രിസ്ത്യാനികള്‍. അതിനാല്‍ തന്നെ, ക്രിസ്ത്യാനികള്‍ ഈ വംശവെറിയന്‍മാരുടെ പുതിയ ഇരകളല്ല. ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെയുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരരുടെ നിരവധി അതിക്രമങ്ങള്‍ക്കും, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ക്രിസ്മസ് സാക്ഷ്യം വഹിച്ചത്. ക്രിസ്മസ് തലേന്നും, ക്രിസ്മസ് ദിവസത്തിലുമായി ഏഴ് അക്രമ സംഭവങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
• ആഗ്രയില്‍, ഒരു മിഷനറി സ്‌കൂളിനു പുറത്തെ സാന്റാക്ലോസ് പ്രതിമ തീവ്രവലതുപക്ഷ ഹിന്ദു വിഭാഗം അഗ്‌നിരയാക്കി
• അസമില്‍ കാവിധാരികളായ രണ്ടു പേര്‍ ക്രിസ്മസ് തലേന്ന് പള്ളിയില്‍ നടന്ന ആരാധാനാ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി
• ക്രിസ്മസ് തലേന്ന് ജയ്ശ്രീറാം വിളികളുമായി ഹരിയാനയിലെ പട്ടൌഡിയില്‍ ഒരു സ്‌കൂളില്‍ ഇരച്ചുകയറിയ വലതുപക്ഷ ഹിന്ദുത്വരായ സ്വയംപ്രഖ്യാപിത ജാഗ്രതാ വിഭാഗക്കാര്‍ അവിടെ നടന്നുകൊണ്ടിരുന്ന ആഘോഷങ്ങള്‍ അലങ്കോലമാക്കി
• ''മതംമാറ്റം അവസാനിപ്പിക്കുക, മിഷനറി മൂര്‍ദാബാദ്'' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി, യുപിയിലെ മത്രിധം ആശ്രമത്തില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഹിന്ദുത്വരായ സ്വയംപ്രഖ്യാപിത ജാഗ്രതാ വിഭാഗക്കാര്‍ പ്രതിഷേധിച്ചു
2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 2016 മുതല്‍ 2019 വരെയുള്ള കാലത്ത് 60 ശതമാനം വര്‍ധനവുണ്ടായതായി പെര്‍സിക്യൂഷന്‍ റിലീഫ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
മദര്‍ തെരേസയുടെ, മിഷണറീസ് ഫോര്‍ ചാരിറ്റി എന്ന സംഘടനയുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി പുതുക്കി നല്‍കാതെ, അവരുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വിലങ്ങു തീര്‍ക്കാനുള്ള നീക്കമാണ്, വലതുപക്ഷ ഹിന്ദുത്വ ഭീകരരുടെ ഏറ്റവും പുതിയ സ്‌തോഭജനകമായ നടപടി.
മുസ്ലിംകള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മലീമസമായ വെറുപ്പ് തീര്‍ക്കലിന്റെ അതെ മാതൃക തന്നെയാണ് ക്രിസ്ത്യാനികളുടെ കാര്യത്തിലും അവര്‍ പിന്തുടരുന്നത്. വിദ്വേഷം, വംശീയത, മതവൈരം തുടങ്ങിയ പ്രത്യശാസ്ത്രത്തില്‍ ജന്മമെടുക്കുകയും, അവയില്‍ ഊട്ടി വളര്‍ത്തപ്പെടുകയും ചെയ്യപ്പെട്ട വിഭാഗമാണ് ആര്‍എസ്എസ്. ഇതര മതവിഭാഗങ്ങള്‍ ഇല്ലാത്ത ബ്രാഹ്മണ മേല്‍ക്കോയ്മയിലുള്ള ഹിന്ദുത്വ രാഷ്ട്രം, അതാണവരുടെ ആത്യന്തിക ലക്ഷ്യം. അതിനായി രാജ്യത്തെ ഹിന്ദുക്കളല്ലാത്ത മറ്റു മത സമൂഹങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ സജ്ജരാണ്.
സമാധാനത്തോടെയും സൗഹൃദത്തോടെയും ഈ രാജ്യത്ത് ജീവിക്കാന്‍, ആര്‍എസ്എസ് അതിക്രങ്ങളുടെ ഇരകള്‍ തങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റ്, ആര്‍എസ്എസ് നയിക്കുന്ന തീവ്രവലതുപക്ഷ ഹിന്ദുത്വ ശക്തികളുടെ വംശീയ അജണ്ടയെ ഒത്തൊരുമയോടെ ചെറുത്തു തോല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഫൈസി ഓര്‍മപ്പെടുത്തി.