കാഷ്മീർ നേതാക്കളുടെ വീട്ടുതടങ്കൽ, ജനാധിപത്യത്തിന്റെ ശവപ്പെട്ടിക്കു മേലുള്ള മറ്റൊരാണി - എം.കെ ഫൈസി
sdpi
31 ഡിസംബർ 2021
കാഷ്മീരിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ശക്തിയായി അപലപിച്ചു. ഡിലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾക്കെതിരെ പ്രതിഷേധിക്കുന്നത് തടയാനാണ്, മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുളള, മെഹബൂബ മുഫ്തി തുടങ്ങിയവരടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയത്. വീട്ടുതടങ്കലിനെ നിശിതമായി വിമർശിച്ച ഫൈസി, ഈ നടപടി ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ പ്രതിഫലനവും, രാജ്യത്തെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിക്കു മേലുള്ള മറ്റൊരാണി കൂടിയുമാണെന്ന് അഭിപ്രായപ്പെട്ടു.
ജമ്മു ഡിവിഷനിൽ ആറും, കഷ്മീരിൽ ഒരു സീറ്റും വർധിപ്പിക്കാനുളള ഡിലിമിറ്റേഷൻ കമ്മിഷന്റെ നിർദ്ദേശത്തിനെതിരെ ശനിയാഴ്ച ശ്രീനഗറിൽ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്താൻ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ എന്ന സംഘടന തീരുമാനിച്ചിരുന്നു. ഈ വർധനവ് മുൻ സംസ്ഥാനത്തിലെ രണ്ട് പ്രവിശ്യകളിലേയും ജനസംഖ്യാ അനുപാതത്തിന് എതിരാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്
കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ കാഷ്മീരികളോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്ര ഫാഷിസ്റ്റ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ അവരുടെ മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും, പൗരാവകാശങ്ങളും ലംഘിക്കുകയും നിഷേധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിലൂടെ, ജനാധിപത്യപരവും ഭരണഘടനാദത്തവുമായ പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സർക്കാർ നിർലജ്ജം ലംഘിക്കുകയാണ്.
ഫാഷിസ്റ്റുകൾക്ക് ജനങ്ങളെ ഭയമാണെന്ന വ്യക്തമായ സന്ദേശമാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലിലൂടെ നൽകപ്പെടുന്നത്. ഒറ്റക്കെട്ടായി നിന്ന് രാജ്യത്തെ ഫാഷിസത്തെ ചെറുത്തു തോൽപിക്കാൻ സർക്കാരിന്റെ ഈ ജനഭീതി, ജനങ്ങൾക്ക് ഒരുത്തേജകമായി വർത്തിക്കേണ്ടതുണ്ടെന്ന് ഫൈസി പറഞ്ഞു.