SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

38 മുസ്ലിം യുവാക്കളുടെ വധശിക്ഷാ വിധി ഞെട്ടിക്കുന്നത്: എസ്ഡിപിഐ
sdpi
19 ഫെബ്രുവരി 2022

ന്യൂഡല്‍ഹി: അഹമദാബാദ് സ്‌ഫോടന കേസില്‍ 38 മുസ്ലിം യുവാക്കളെ തൂക്കിലേറ്റാനും 11 പേരെ ജീവപര്യന്തം തടവിലിടാനുമുള്ള പ്രത്യേക കോടതി വിധിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.


വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോകമാകമാനം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്, ഒരു പതിറ്റാണ്ടിലേറെ വിചാരണത്തടവുകാരായി ജയില്‍വാസത്തിലായിരുന്ന മുപ്പത്തിയെട്ടു പേരെ കൂട്ടക്കൊലക്ക് വിധേയമാക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. 2008 ല്‍ അഹമ്മദാബാദില്‍ നടന്ന തുടര്‍സ്‌ഫോടന കേസിലാണ് പ്രത്യേക കോടതി വിധി.


സംഭവം നടക്കുമ്പോള്‍ ജയിലിലായിരുന്നവരുടെയും ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോള്‍ ആദ്യമായി അഹമ്മദാബാദ് കാണുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുറ്റാരോപിതന്റെയും കേസിലെ പങ്കിന്റെ സത്യാവസ്ഥ ഉറപ്പു വരുത്താന്‍ കോടതി മുതിര്‍ന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. മുസ്ലിംകള്‍ക്കെതിരെയുള്ള 'ഭീകര' കേസുകളില്‍ മാപ്പുസാക്ഷിയെ നിര്‍മിക്കുന്ന പ്രക്രിയ ഈ കേസിലും മുറപോലെ നടന്നിട്ടുണ്ട്.


അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം വധശിക്ഷ എന്ന തത്വമാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പിന്തുടരുന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടതും ആയിരങ്ങള്‍ക്ക് ഗുരുതര പരുക്കുകളും പറ്റിയ അനേകം സ്‌ഫോടന കേസുകള്‍ക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിലൊന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടില്ല. ഭരണകക്ഷിയോടും സഹകാരികളോടുമുള്ള തങ്ങളുടെ കൂറിന്റെ പ്രത്യേകാനുകൂല്യത്തില്‍ ഇതിലെ പ്രതികള്‍ യാതൊരു ക്ഷതവുമേല്‍ക്കാതെ സ്വാതന്ത്ര വിഹാരം നടത്തുന്നു. ചിലര്‍ നിയമനിര്‍മാണ സഭകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. ഗുജറാത്ത് കൂട്ടക്കൊലയിലെ പങ്കിനെക്കുറിച്ച് ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കൂട്ടക്കൊലയുടെ ആസൂത്രകനും, മുഖ്യ ഗൂഡാലോചകനുമായ വ്യക്തിയടക്കമുള്ളവര്‍ ഒരു ദിവസത്തെ ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, അടിസ്ഥാന പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങളും പോലും അനുഭവിക്കാന്‍ അര്‍ഹരല്ലെന്നു ഫാഷിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ഗ്രന്ഥത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 'അപര' സമുദായത്തിലുള്ളവരാണ് ഈ സ്‌ഫോടന കേസിലെ പ്രതികള്‍. ആ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ കേസ് 'അപൂര്‍വങ്ങളില്‍ അപൂര്‍വമായി' മാറി.


വധശിക്ഷ ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപരവല്‍ക്കരണത്തിന്റെ കാലിക ചുറ്റുപാടില്‍ ഈ വിധി ഒട്ടും അത്ഭുതകരമല്ല. ഏതായാലും ഇതൊരു അന്തിമ വിധിയല്ല. മുകള്‍ കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഉന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ജനങ്ങളെ ജയിലലടച്ചും തൂക്കിലേറ്റിയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ സംവിധാനം ജനങ്ങള്‍ക്ക് മേല്‍ വിജയം നേടില്ല. ഫാഷിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മതേതര സമൂഹത്തിന് നേതൃത്വം നല്‍കുമെന്ന് അഡ്വ. ഷറഫുദ്ദീന്‍ വ്യക്തമാക്കി.