നവാബ് മാലിക്കിന്റെ അറസ്റ്റ്: രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനുള്ള ഫാഷിസ്റ്റ് തന്ത്രം- എസ്ഡിപിഐ
sdpi
25 ഫെബ്രുവരി 2022
ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ ഭീരുത്വപരമായ ഒരു നടപടിയാണ് മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തി നിര്‍ത്തുകയെന്നത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നും കാംബ്ലെ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് മന്ത്രിക്കെതിരെ ഇഡി ഉന്നയിച്ചിട്ടുള്ളത്. അന്വേഷണവും കോടതിയും ആരോപങ്ങളുടെ നിജസ്ഥിതി തീരുമാനിക്കട്ടെ.
അധോലോക അധിപന്‍ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പര്‍ക്കാരുമായി നടത്തിയ ഒരു ഭൂമി ഇടപാടിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് പറയപ്പെടുന്നത്. 85 ലക്ഷം രൂപക്ക് മാലിക് വാങ്ങിയ ഭൂമിയുടെ വിലയായി 30 ലക്ഷം രൂപ മാത്രമാണ് വില്‍പനക്കരാറില്‍ കാണിച്ചിട്ടുള്ളൂ, ബാക്കി പണമായി നല്‍കുകയായിരുന്നു എന്നതാണ് ആരോപണം. വിപണിയില്‍ നിലവിലുള്ള വിലയേക്കാള്‍ കുറഞ്ഞ വില കാണിച്ചാണ് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇഡി പറയുന്നത്.
അധോലോക അധിപനെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ സര്‍ക്കാരിനു സത്യത്തില്‍ താത്പര്യമില്ലെന്നാണ് മനസിലാകുന്നത്. നിഴല്‍യുദ്ധത്തിന് അവര്‍ക്ക് അത്തരം ഒരു കഥാപാത്രം നിലനില്‍ക്കേണ്ടതുണ്ട്. ഒരു കുറ്റകൃത്യത്തിലും പങ്കില്ലാത്ത ഒരാളുടെ പേരില്‍ ഒരു കുറ്റവാളിയുടെ ബന്ധുവായി എന്നതിന്റെ പേരില്‍ മാത്രം കുറ്റം ചുമത്താന്‍ ദേശീയമോ അന്തര്‍ദേശീയമോ ആയ ഏതെങ്കിലും നിയമം അനുമതി നല്‍കുന്നുണ്ടോ? ഒരു കുറ്റവാളിയുടെ ബന്ധുവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണോ? മന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
വിപണിയില്‍ നിലവിലുള്ള വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച ഇഡിയുടെ ആരോപണം സത്യത്തില്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ പാകത്തിലുള്ള വ്യവസ്ഥയുടെ ദൗര്‍ബല്യത്തെയും നിയമത്തിലെ പഴുതുകളെയുമാണ് തുറന്നു കാട്ടുന്നത്. കുറ്റമോ, കുറ്റത്തിന്റെ ഗൗരവമോഅല്ല മറിച്ച് പാര്‍ട്ടിക്കൂറാണ് ഒരാളെ കുറ്റവാളിയാക്കുന്നതിന്റെയും കേസെടുക്കുന്നതിന്റെയും മാനദണ്ഡം എന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നതാണ്.
''ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ തിന്മയുടെ അച്ചുതണ്ടിനൊപ്പം'' എന്ന ജോര്‍ജ് ബുഷിന്റെ പ്രമാണമാണ് ഇവിടെ പിന്‍പറ്റപ്പെടുന്നത്. തട്ടിപ്പിന്റെയും കുറ്റകൃത്യത്തിന്റെയും സ്വഭാവത്തിന്നതീതമായി, ഭരിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയോട് കൂറുള്ള ഏതു തട്ടിപ്പുകാരനും കുറ്റവാളിയും ഇവിടെ സുരക്ഷിതരാണ്. അല്ലാത്തവര്‍ നിരന്തമായ ഭീഷണി, ഭയപ്പെടുത്തല്‍, ഉപദ്രവം ഇവ നേരിട്ടുകൊണ്ടിരിക്കുന്നു. കുറ്റകൃത്യം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ, നിലവിലെ ഫാഷിസ്റ്റ് ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ വയ്യെങ്കിലും, പാര്‍ട്ടിക്കൂറിന്റെ മാനദണ്ഡത്തില്‍ കുറ്റം ചുമത്തുന്ന വിവേചനപരമായ നിലപാട് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കാംബ്ലെ അഭിപ്രായപ്പെട്ടു.