യുക്രെയിനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കണം: എം കെ ഫൈസി
sdpi
25 ഫെബ്രുവരി 2022
ന്യൂഡല്‍ഹി: യുക്രെയിനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. യുക്രെയിനിലെ യുദ്ധവും അനുബന്ധ സാഹചര്യങ്ങളും അത്യന്തം ആശങ്കാജനകമാണ്. പരാജിത യുദ്ധങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ശക്തന് ദുര്‍ബലനു മേലുള്ള കരുത്തിന്റെ പ്രകടനം മാത്രമാണത്. പ്രാണനഷ്ടം, യുദ്ധം അതിജീവിച്ചവരുടെ തുല്യതയില്ലാത്ത കഷ്ടപ്പാടുകള്‍, ധനം, പൈതൃകം, സ്മാരകങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ച, ദുര്‍ബലരുടെ ദാരിദ്ര്യം ഇവയൊക്കെയാണ് യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍. സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഒരപമാനമാണ് യുദ്ധം. സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ടുന്ന പണം ഒരാവശ്യത്തിനുമല്ലാതെ ദുര്‍വ്യയം ചെയ്യപ്പെടുകയാണ്. നമ്മുടെ ഓര്‍മയില്‍ മങ്ങാതെ നില്‍ക്കുന്ന നമ്മുടെ ജീവിതകാലത്തെ രണ്ടു യുദ്ധങ്ങളാണ് അമേരിക്ക നടത്തിയ ഇറാഖ് യുദ്ധവും, അഫ്ഗാന്‍ യുദ്ധവും. ആയുധക്കച്ചവടക്കാര്‍ക്ക് മാത്രമാണ് യുദ്ധം കൊണ്ടുള്ള നേട്ടം. സാങ്കേതികമായി വിജയിക്കുന്ന രാജ്യത്തിന് പോലും യുദ്ധം കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല. എന്നിട്ടും രാജ്യങ്ങള്‍ യുദ്ധത്തിനു ഒരുമ്പെടുന്നുവെന്നത് ദുഃഖകരമാണ്.
വിദ്യാഭ്യാസത്തിനും ജോലിക്കുമായി അനേകം ഇന്ത്യക്കാരുള്ള ഒരു രാജ്യമാണ് ഉക്രയിന്‍. നമുക്ക് ഉത്കണ്ഠക്കും ആശങ്കക്കും ആ ഒരു കാരണം തന്നെ മതി. അവിടെ കുടുങ്ങിയവരെ തിരിച്ചു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമങ്ങളാരംഭിച്ചത് ആശാവഹമാണ്. വിമാനക്കമ്പനികള്‍ ഇത് ചൂഷണത്തിനുള്ള അവസരമായാണ് കാണുന്നത്. 20,000 നും 30,000 നും ഇടയിലായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ഒന്നര ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. യുദ്ധമേഖലയില്‍ അകപ്പെട്ട സ്വന്തം പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുകയെന്നത് രാജ്യങ്ങളുടെ ചുമതലയാണ്. ഇന്ത്യ തങ്ങളുടെ ദേശീയ വിമാനക്കമ്പനി ഇതിനകം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യക്കിപ്പോള്‍ സ്വന്തമായി ഒരു ദേശീയ വിമാനക്കമ്പനിയില്ല. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ദയനീയ അവസ്ഥയാണ് യുക്രെയിന്‍ യുദ്ധത്തിലൂടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്.
യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം, യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ, യാത്രാ ചെലവുകള്‍ അവരുടെ മേല്‍ കെട്ടിവെക്കാതെ, രാജ്യത്തിന്റെ ചെലവില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ഇന്ത്യാ സര്‍ക്കാരിനോടും എം കെ ഫൈസി ആവശ്യപ്പെട്ടു.