ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022 - സ്വകാര്യതയുടെ ലംഘനം: എസ്ഡിപിഐ
sdpi
08 ഏപ്രില് 2022
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022 പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഭരണഘടനാ വിരുദ്ധ ബില്ലിനെ പാര്‍ട്ടി ശക്തമായി അപലപിച്ചു.
കുറ്റകൃത്യത്തിന്റെ സ്വഭാവം പോലും പരിഗണിക്കാതെ അറസ്റ്റുചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന കുറ്റാരോപിതരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ സാംപിളുകള്‍ക്കൊപ്പം ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ ബില്‍ പോലീസിന് അധികാരം നല്‍കുന്നു. നിലവിലെ നിയമങ്ങളില്‍, പരിമിതമായ ഒരു വിഭാഗം കുറ്റവാളികളുടെയോ ശിക്ഷിക്കപ്പെടാത്തവരുടെയോ വിരലടയാളങ്ങളും കാല്‍പ്പാടുകളും രേഖപ്പെടുത്താന്‍ പോലീസിന് അനുവാദമുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20, 21 എന്നിവയുടെ ലംഘനമാണ് ബില്‍. അറസ്റ്റിലാവുന്നവരില്‍ നിന്ന് കുറ്റസമ്മതം നിര്‍ബന്ധിച്ചു വാങ്ങുന്നതിന് തുല്യമാണ് ഇത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, 2010ലെ സെല്‍വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കര്‍ണാടകയിലെ സുപ്രീം കോടതി വിധി, നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ നടത്തിപ്പ് സ്വകാര്യതയുടെ ലംഘനമാണെന്ന് കണക്കാക്കി വിലക്കുന്നു. ഈ വിധികള്‍ക്കും വിരുദ്ധമാണ് ഇപ്പോഴത്തെ ബില്‍. കൂടാതെ, ഈ ബില്‍ പോലീസിനെ അവരുടെ വെറുപ്പിനനുസരിച്ച് നിയമം ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്നു.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ദേശം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് ഇപ്പോഴത്തെ ഭരണത്തിന്റെ യഥാര്‍ത്ഥ സ്വേച്ഛാധിപത്യ മുഖം തുറന്നുകാട്ടുന്നു. 'നിഷ്ഠുരമായ കുറ്റകൃത്യങ്ങളുടെ കേസുകളില്‍ മാത്രമേ വ്യവസ്ഥകള്‍ ഉപയോഗിക്കൂ' എന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം ജനങ്ങളെ കബളിപ്പിക്കാനുള്ള ജാല വിദ്യ മാത്രമാണ്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ വിവേചനരഹിതമായി ദുരുപയോഗം ചെയ്യപ്പെടുന്ന ക്രൂരമായ യുഎപിഎ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമമായി കൊണ്ടുവന്നതാണ്. നിലവിലെ ബില്‍ എതിര്‍ശബ്ദങ്ങളെ ലക്ഷ്യം വയ്ക്കുന്ന മറ്റൊരു ക്രൂരമായ നിയമമല്ലാതെ മറ്റൊന്നുമല്ല.
സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ പരിധികള്‍ ലംഘിക്കുന്നില്ലെന്നും, ഭരണഘടന വാഗ്ദത്തം ചെയ്യുന്ന ഉറപ്പുകളും വ്യവസ്ഥകളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും പരമോന്നത കോടതി ഇടപെടണമെന്നും ഫൈസി ആവശ്യപ്പെട്ടു