പോപുലര്‍ ഫ്രണ്ട്, റീഹാബ് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടി: ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വം വെളിപ്പെടുന്നു- എസ്ഡിപിഐ
sdpi
04 ജൂണ്‍ 2022
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിലൂടെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വം വെളിപ്പെടുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ സംഘടനകള്‍ക്ക് പുറകെയാണ്. ഈ രണ്ട് സംഘടനകളുടെയും നേതാക്കളുടെ ഓഫീസുകളിലും വസതികളിലും ഈ വര്‍ഷങ്ങളില്‍ ഇഡി പതിവായി റെയ്ഡ് നടത്തിയിരുന്നെങ്കിലും ഫണ്ടുകളുടെ ദുരുപയോഗമോ നിയമവിരുദ്ധമായ പണമിടപാടുകളോ കണ്ടെത്തുന്നതില്‍ ഇഡി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഫാഷിസ്റ്റ് മതഭ്രാന്തിനും ദുര്‍ഭരണത്തിനുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ഫാഷിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. വടക്കേ ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ അധഃസ്ഥിതരായ ഗ്രാമീണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സ്വതന്ത്ര ചാരിറ്റി സംഘടനയെ ഫാഷിസ്റ്റ് സര്‍ക്കാര്‍ മനഃപൂര്‍വം പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കുകയും അതിലൂടെ പോപുലര്‍ ഫ്രണ്ടിനെതിരായ അതേ ആരോപണം റിഹാബിനെതിരെയും ഉന്നയിക്കാന്‍ ഇടയാക്കുന്നു.
ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാട് കള്ളപ്പണമല്ല, അക്കൗണ്ടിലെ പണമാണെന്ന് വ്യക്തമായ വസ്തുതയാണ്. കള്ളപ്പണ ഇടപാടുകാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്ക് അക്കൗണ്ടുകളല്ലാതെ മറ്റ് മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍, കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് നിയമപരമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് പരമ വിഡ്ഢിത്തവും സാമാന്യബുദ്ധിയെ പരിഹസിക്കുന്നതുമാണെന്ന് ഫൈസി പറഞ്ഞു.
ഈ സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനും പൈശാചികവത്കരിക്കാനുമുള്ള ഫാഷിസ്റ്റുകളുടെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പെയ്ഡ് ഗോഡി-മീഡിയ ഉപയോഗിച്ച് അത് അതിശയോക്തിപരമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ നടപടി. ഇഡി ഫാഷിസ്റ്റുകള്‍ക്ക് പാദസേവ ചെയ്യുകയാണ്. ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കും ദുര്‍ഭരണത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഭരണാധികാരികള്‍ ഇഡിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഐക്യപ്പെട്ട് നിലയുറപ്പാക്കാത്തപക്ഷം നിങ്ങളുടെ ഓരോരുത്തരുടെയും വാതിലില്‍ ഫാഷിസ്റ്റുകളുടെ മുട്ട് കേള്‍ക്കാന്‍ തയ്യാറായിക്കൊള്ളണമെന്നും എം കെ ഫൈസി മുന്നറിയിപ്പ് നല്‍കി.