SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

യുവാക്കളെ വെടിവെച്ചു കൊന്ന കുറ്റവാളികളായ പോലീസുകാരെ അറസ്റ്റുചെയ്യുക: എസ്ഡിപിഐ
sdpi
12 ജൂണ്‍ 2022

ന്യൂഡല്‍ഹി:  പ്രവാചകനെ കുറിച്ച് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി.  കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നൂപൂര്‍ ശര്‍മ്മയുടെ വിഡ്ഢിത്തം രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളില്‍ പോലും ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അത് രാജ്യാന്തര സമൂഹത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. വിദ്വേഷം സൃഷ്ടിക്കുന്ന വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ മുഖവും ഭരണകക്ഷിയുമായ ബിജെപി ഇതര രാജ്യങ്ങളില്‍ രാജ്യത്തിനെതിരായുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ബന്ധിതരായി.

നൂപൂരിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെയും അവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും  രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡ് ഭരിക്കുന്നത് ബിജെപിയല്ല, ജെഎംഎമ്മും ഐഎന്‍സിയും പ്രധാന കക്ഷികളായ യുപിഎയാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.

കൊലപാതകക്കുറ്റം ചുമത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.