SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംവരണം: ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം- എ കെ സ്വലാഹുദ്ദീന്‍
sdpi
14 നവംബർ 2022

ഭരണഘടനാനുസൃത സാമൂഹിക സംവരണം അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പാക്കുന്ന വിഷയത്തില്‍ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍.   സാമ്പത്തിക സംവരണത്തിന്റെ മറവില്‍ നടപ്പാക്കുന്ന സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കും. സംവരണ വിഷയത്തിലുള്‍പ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളോട് വഞ്ചനാപരമായ നിലപാടാണ് ഇരു മുന്നണികളും ചെയ്യുന്നത്. സംഘപരിവാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയ്ക്ക് പാര്‍ലമെന്റില്‍ കൈയൊപ്പ് ചാര്‍ത്തിയും സുപ്രിം കോടതി അനുകൂല വിധി പ്രസ്താവിച്ചപ്പോള്‍ സ്വാഗതം ചെയ്തും വഞ്ചന തുടരുകയായിരുന്നു. ഇപ്പോള്‍ അഴകൊഴമ്പന്‍ പ്രസ്താവന നടത്തി രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തെ കബളിപ്പിക്കാനുള്ള ഇടതു-വലതു മുന്നണികളുടെ ശ്രമം പൊതുസമൂഹം തിരിച്ചറിയണം. 


സാമ്പത്തിക സംവരണം നടപ്പാക്കില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട് ധീരവും മാതൃകാപരവുമാണ്. മുന്നാക്ക സംവരണത്തെ സാധൂകരിക്കുന്ന സുപ്രിം കോടതി വിധിയ്ക്കെതിരേ പുന:പരിശോധനാ ഹരജി നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക നീതി പുലരണമെന്ന് ഇടതു- വലതു മുന്നണികള്‍ക്ക് അല്‍പ്പമെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ പുന:പരിശോധനാ ഹരജി നല്‍കാന്‍ തയ്യാറാവണം. അധസ്ഥിത ജനതയോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേരളാ നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ ആര്‍ജ്ജവം കാണിക്കണം. 


രാജ്യത്തെ കേവല ന്യൂനപക്ഷമായ സവര്‍ണ വിഭാഗങ്ങള്‍ക്കായി ഉദ്യോഗ-വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായി തീറെഴുതാനേ സാമ്പത്തിക സംവരണം ഉപകരിക്കൂ. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. സാമ്പത്തിക സംവരണവാദികളുടെ വാദമനുസരിച്ച് ദാരിദ്ര്യമാണ് മാനദണ്ഡമെങ്കില്‍ എല്ലാ വിഭാഗത്തിലുമുള്ള ദരിദ്രരെ എന്തുകൊണ്ടാണ് പരിഗണിക്കാത്തത്. ഇത് സവര്‍ണ പ്രീണനവും വിവേചനവുമാണ്. സംവരണത്തിനേതിരേ കാര്യക്ഷമതാ വാദം ഉന്നയിച്ചവര്‍ മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ ഈ വാദം ഉന്നയിക്കാത്തത് വിരോധാഭാസമാണ്. ന്യൂനപക്ഷ-ദലിത്- ആദിവാസി ജനവിഭാഗങ്ങളെ അരികുവല്‍ക്കരിക്കുകയും അകറ്റിനിര്‍ത്തുകയുമാണ് സാമ്പത്തിക സംവരണ വാദത്തിന്റെ ആത്യന്തിക ലക്ഷ്യം. രാജ്യത്തിന്റെ വിഭവങ്ങളും അവസരങ്ങളും അധികാരവും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യവും സാമൂഹിക നീതിയും പുലരുകയുള്ളൂ. ഇടതു-വലതു മുന്നണികള്‍ക്ക് നീതിയോട് പ്രതിബദ്ധതയുണ്ടെങ്കില്‍ സാമൂഹിക നീതിയ്ക്ക് ഒപ്പം നില്‍ക്കണമെന്നും എ കെ സ്വലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.