വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്: കൊല്ലത്തും മലപ്പുറത്തും വഖഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും നടത്തും- എസ്ഡിപിഐ
kerala_news
08 ഫെബ്രുവരി 2025
തിരുവനന്തപുരം: നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 17 ന് കൊല്ലത്തും 19 ന് മലപ്പുറത്തും വഖഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും നടത്താന്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സംഘപരിവാരം ലക്ഷ്യമിടുന്ന ഏകശിലാധ്രുവ മതാധിഷ്ടിത രാഷ്ട്ര നിര്‍മിതിയ്ക്ക് പ്രധാന തടസ്സം രാജ്യത്തിന്റെ മഹത്തായ ഭരണഘടനയാണ്. ഭരണഘടന അട്ടിമറിക്കാനുള്ള അവരുടെ നീക്കത്തിനെതിരായ രാജ്യസ്‌നേഹികളുടെ പ്രതിഷേധത്തെ മറികടക്കാന്‍ കുറുക്കു വഴികളിലൂടെ ഭരണഘടനയെ തകര്‍ക്കാനുളള കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പയറ്റുന്നത്. അതിന്റെ ഭാഗമാണ് വഖഫ് ഭേദഗതി. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. മുസ് ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കുകയും വഖഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുമുളള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പ്രതിലോമകരമായ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അഭ്യര്‍ഥിച്ചു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പിആര്‍ സിയാദ്, പിപി റഫീഖ്, പികെ ഉസ്മാന്‍, കെകെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, എംഎം താഹിര്‍, മഞ്ജുഷ മാവിലാടം, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.