വഖ്ഫ് ഭേദഗതി തീരാശാപമായി മോദിയെ പിന്തുടരും: പി അബ്ദുല്‍ മജീദ് ഫൈസി
kerala_news
20 ഫെബ്രുവരി 2025
മലപ്പുറം: വഖഫ് ബോര്‍ഡിന്റെ ഘടനയും അധികാരങ്ങളും അട്ടിമറിച്ച് മുസ് ലിം അസ്തിത്വം തകര്‍ക്കുന്നതിന് ഇറങ്ങിത്തിരിച്ച മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതുവരെ വഖഫ് ഭേദഗതി ബിജെപിയെ പിന്തുടരുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം പോലെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന പുതിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ്. ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ഉള്‍പ്പെടെ അവരുടെ മതസ്ഥാപനങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് പ്രത്യേകം നിയമങ്ങള്‍ രാജ്യത്തുണ്ട്. അതിലെല്ലാം അതാത് മതവിശ്വാസികള്‍ക്ക് മാത്രമാണ് അംഗത്വം അനുവദിക്കുന്നത് എന്നിരിക്കെ മുസ് ലിം വഖ്ഫ് ബോര്‍ഡില്‍ മാത്രം മുസ് ലിംകളല്ലാത്തവരെ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുസ് ലിം വിരോധത്തിന്റെ പ്രതിഫലനമാണ്. ഭരണഘടന വിരുദ്ധമായ ഈ നീക്കത്തെ ചെറുക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഷ്റഫ് ബാഖവി, മുഫ്തി അമീന്‍ മാഹി, ഖാലിദ് മൂസ നദ്വി, എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് ഖാജാ ഹുസൈന്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി പി റഫീഖ്, പികെ ഉസ്മാന്‍, കെകെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി കൃഷണന്‍ എരഞ്ഞിക്കല്‍, വിടി ഇക്റാമുല്‍ ഹഖ്, അന്‍വര്‍ പഴഞ്ഞി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറയ്ക്കല്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, പി ജമീല, മഞ്ജുഷ മാവിലാടം, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, വി കെ ഷൗക്കത്തലി, ജില്ലാ പ്രസിഡന്റുമാരായ നാസര്‍ പറൂര്‍, ശഹീര്‍ ചാലിപ്പുറം, മുസ്തഫ കൊമ്മേരി, യുസഫ് വയനാട്, ബഷീര്‍ കണ്ണാടിപ്പറമ്പ്, സവാദ് സി എ, സി ഐ മുഹമ്മദ് സിയാദ്, എസ് മുഹമ്മദ് അനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിച്ചു.
മലപ്പുറം എംഎസ്പി പരിസരത്ത് നിന്നാരംഭിച്ച വഖ്ഫ് സംരക്ഷണ റാലി വാറങ്കോട് മച്ചിങ്ങല്‍ ബൈപ്പാസ് പരിസരത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുത്തത്.