ആവർത്തിക്കുന്ന വിദ്വേഷ പ്രസ്താവനകൾ: പി സി ജോർജിനെതിരേ ഡിജിപിക്ക് പരാതി നൽകി എസ്ഡിപിഐ
kerala_news
11 മാര്‍ച്ച് 2025
തിരുവനന്തപുരം:
വംശീയ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്കും വർഗീയ കലാപങ്ങൾക്കും ശ്രമിക്കുന്ന ബിജെപി നേതാവ് പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
സമാനമായ കേസിൽ ഹൈക്കോടതി വളരെ രൂക്ഷമായ ഭാഷയിൽ ജോർജിനെ വിമർശിച്ചിരുന്നു. അറസ്റ്റിലായ ജോർജ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർശനമായ ഉപാധികളോടെ ജാമ്യം നേടുകയായിരുന്നു. എന്നാൽ
ജാമ്യ വ്യവസ്ഥ ലംഘിച്ച് ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയിരിക്കുകയാണ്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയാണ് 2025 മാർച്ച് 10 ന് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളത്തിൽ നടത്തിയിരിക്കുന്നത്. ലൗ ജിഹാദ് എന്നത് ഇല്ലാത്ത ഒന്നാണ് എന്ന് ഇന്ത്യൻ പാർലമെൻ്റിൽ അഭ്യന്തരമന്ത്രി വിശദീകരിച്ചതും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിക്കളഞ്ഞതുമാണ്. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ പ്രതി ലൗ ജിഹാദ് പ്രയോകം വീണ്ടും ആവർത്തിച്ച് മുസ്ലിം സമൂഹത്തെ ബോധപൂർവ്വം ഉന്നംവെച്ച് പ്രസ്താവന നടത്തുകയാണ്. കൂടാതെ പ്രലോഭനത്തിന് വിധേയരാകുന്നവരാണ് ക്രിസ്ത്യൻ ഹിന്ദു യുവതികൾ എന്ന നിലയിൽ പൊതു സമൂഹത്തിന് മുന്നിൽ അവരെ അവഹേളിച്ചിരിക്കുകയുമാണ്. മതസ്പര്‍ധ വളര്‍ത്താനുതകുന്ന പ്രതിയുടെ പ്രസംഗത്തിനെതിരെ കേസ് എടുക്കണം. നിലവിലുള്ള ജാമ്യം റദ്ദാക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി ക്ക് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.