ഫലസ്തീന്‍ കൂട്ടക്കുരുതി, വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി വേട്ട: ഈദ് ദിനത്തില്‍ കാംപയിന്‍ നടത്തും- അന്‍സാരി ഏനാത്ത്
KERALA_NEWS
29 മാര്‍ച്ച് 2025
തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ കാംപയിന്‍ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാംപയിന്റെ ഭാഗമായി വിഷയങ്ങള്‍ വ്യക്തമാക്കുന്ന പ്ലക്കാഡുകള്‍ ഉയര്‍ത്തിപ്പിടിക്കും. കൂടാതെ ലഘുലേഖകളും വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജന്‍സികള്‍ മാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാനും നിയന്ത്രിക്കാനും വരുതിയിലാക്കാനും ഇഡിയെ ഉപയോഗപ്പെടുത്തുന്നതിന്റെ നേര്‍ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്. രാജ്യാന്തര നിയമങ്ങളും മാനുഷികമായ പരിഗണനയും കാറ്റില്‍ പറത്തി ഫലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് ദിനംപ്രതി കൊലചെയ്യപ്പെടുന്നത്. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫലസ്തീനിനൊപ്പം നില്‍ക്കാനുമുള്ള സന്ദേശമാണ് കാംപയിനിലൂടെ നല്‍കുന്നത്. സാമൂഹിക നന്മ ലക്ഷ്യംവെച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ദാനം ചെയ്തത് നിയമനിര്‍മാണത്തിലൂടെ തട്ടിയെടുക്കാനാണ് പുതിയ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നത്. ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിനെതിരായ ജനാധിപത്യപോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ജനകീയ ബോധവല്‍ക്കരണവും കാംപയിന്റെ ഭാഗമായി നടക്കുമെന്നും അന്‍സാരി ഏനാത്ത് കൂട്ടിച്ചേര്‍ത്തു.