ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ - സാംകുട്ടി ജേക്കബ്
തേജസ്
07 മെയ് 2015
തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് എസ.്ഡി.പി.ഐ ദേശീയ ഉപാധ്യക്ഷന്‍ സാംകുട്ടി ജേക്കബ്. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഡിപി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമി അഞ്ച് വര്‍ഷത്തിന് ശേഷവും ഉപയോഗിക്കുന്നില്ലെങ്കില്‍ ഉടമസ്ഥന് തിരിച്ച് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത് പുതിയ ഭേദഗതിയില്‍ നീക്കം ചെയ്തിരിക്കുന്നു. റിലയന്‍സിന്റെ നവിമുംബൈ പദ്ധതിക്ക് വേണ്ടി പിടിച്ചെടുത്ത 1250 ഏക്കര്‍ ഭൂമി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയിട്ടില്ല എന്നതിന്റെ പേരില്‍ ഉടമസ്ഥന് തിരികെ നല്‍കേണ്ടിവരില്ല. ഇങ്ങനെ വിദേശസ്വദേശ കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പുതിയ ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രക്ഷോഭത്തിന് തയ്യാറാവണം. കുത്തകകളെ സഹായിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. ഹാരിസണും ടാറ്റായും അടക്കമുള്ള കുത്തകളുടെ കൈകളിലാണ് കേരളത്തിലെ തോട്ടങ്ങളും ഭൂമികളും. ഹാരിസണ്‍ അനധികൃതമായി 76,000 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്ന് അന്വേഷിച്ച് കണ്ടെത്തിയത് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് മനോഹര കമ്മിറ്റിയും നിവേദിത പി ഹരന്‍ കമ്മിറ്റിയുമാണ്. വ്യാജ പട്ടയങ്ങളും, രേഖകളും ഉപയോഗിച്ചാണ് ഹാരിസണ്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതെന്നും നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് തിരിച്ച് പിടിക്കാനുള്ള ഒരു നടപടിയും ഇടത്‌വലത് ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 2500 കോടി രൂപ തോട്ടയുടമകള്‍ പാട്ടക്കുടിശ്ശിക വരുത്തിയിരിക്കുന്നുവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് ഗവണ്‍മെന്റ് അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടുമില്ല. കുത്തകകളെ സഹായിക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇതിനെതിരെ എസ്ഡിപിഐ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുഴുവന്‍ പൗരസമൂഹവും പിന്തുണ നല്‍കണമെന്ന് സാംകുട്ടി ജേക്കബ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സലാഹുദ്ദീന്‍, സംസ്ഥാന സമിതി അംഗം വനജ ഭാരതി, പ്രത്യാശ സംസ്ഥാന സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ.ഇബ്രാഹീംകുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പൂന്തുറ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍, കരമന റസാഖ്, ഷെബീര്‍ ആസാദ്, ഷിഹാബുദ്ദീന്‍ മന്നാനി, ഗോപാലകൃഷ്ണന്‍, നിസാമുദ്ദീന്‍ തച്ചോണം നേതൃത്വം നല്‍കി.