മാധ്യമ പ്രവര്‍ത്തകരുടെ സമരം പൊതുസമൂഹം ഏറ്റെടുക്കണം- പി.അബ്ദുല്‍ ഹമീദ്
തേജസ്
09 ജൂലൈ 2015
കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മാധ്യമ മുതലാളിമാര്‍ അടിമപ്പെടുകയാണെന്നും ഇത് സത്യസന്ധമായ മാധ്യമ പ്രവത്തനത്തെ അട്ടിമറിക്കുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് പ്രസ്‌ക്ലബിനു മുന്നില്‍ നടത്തിവരുന്ന 'മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരം' ത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടേത് കേവലം തൊഴില്‍ സമരം മാത്രമല്ലെന്നും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗവുമാണ്. അതുകൊണ്ട് ഈ സമരം പൊതുജനം ഏറ്റെടുക്കേണ്ടതുണ്ടെന്നും അപ്പോള്‍ മാത്രമെ അധികാരികളും മാധ്യമ മുതലാളിമാരും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുകയുള്ളു. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട മുഴുവന്‍ മൂല്യങ്ങളും പ്രമാണങ്ങളും അപകട ഭീഷണി നേരിടുന്ന വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകരെ ദുര്‍ബലപ്പെടുത്തുന്ന ഏത് നീക്കവും പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോല്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് അത്തോളി, പബ്ലിക് റിലേഷന്‍ സെക്രട്ടറി ജലീല്‍ കെ.കെ.പി തുടങ്ങിയവര്‍ റിലേസമര പന്തല്‍ സന്ദരര്‍ശിച്ചു.