SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസിഡന്റ്സ് നോട്ട്സ്

ഹോം » പ്രസിഡന്റ്സ് നോട്ട്സ്

ആര്‍എസ്എസ്സിന്റെ ക്രൈസ്തവ വേട്ട: വിചാരധാരയുടെ പ്രയോഗവല്‍ക്കരണം

മതേതര- ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന അവകാശവാദങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തുവരുന്നത്. ഹിംസാല്‍മക ഹിന്ദുത്വ ഫാഷിസം അധികാരത്തിലെത്തിയതു മുതല്‍ പരമത വിദ്വേഷവും അതിക്രമങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടന്ന അതിക്രമങ്ങള്‍ അതില്‍ ഒടുവിലത്തേതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഈ വര്‍ഷം ഇതുവരെ 21 സംസ്ഥാനങ്ങളിലായി മുന്നൂറോളം അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി നടന്നതായി അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ സിവില്‍ റൈറ്റ്സിന്‍ റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമങ്ങളെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടണം. ഡിസംബര്‍ 25 മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണെന്നും അന്ന് സദ്ഭരണ ദിവസമായി ആചരിക്കണമെന്നും കാണിച്ച് ക്രിസ്മസിനെ പ്രവൃത്തി ദിവസമാക്കി മാറ്റാന്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ ശ്രമമാരംഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇത്തവണ ഒരു മറയും സങ്കോചവുമില്ലാതെ രാജ്യത്തിന്റെ എല്ലാ ദിക്കുകളിലേക്കും അതിക്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരായ കൂടുതല്‍ സംഘടിത ആക്രമണങ്ങളുണ്ടായത്. ക്രൈസ്തവ ദേവാലയങ്ങളില്‍ കടന്നുകയറി പ്രാര്‍ഥനയും ക്രിസ്മസ് ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകള്‍ തടയുകയും ചെയ്തതിനു പുറമെ ദേവാലയ വളപ്പിലെ ക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തു. കര്‍ശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല കന്‍േറാണ്‍മെന്റ് ഏരിയയിലെ ദേവാലയത്തില്‍ കടന്നുകയറിയാണ് ക്രിസ്തു പ്രതിമ തകര്‍ത്തിരിക്കുന്നത്. മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്‌കാരം തുടര്‍ച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമില്‍ അതേ മാതൃകയില്‍ തന്നെയാണ് ജയ്ശ്രീരാം വിളികളുമായി ക്രിസ്മസ് ആഘോഷം നടക്കുന്ന സ്‌കൂളിലേക്ക് അക്രമികള്‍ ഇരച്ചുകയറിയത്. കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷ വേദി കൈയേറി മൈക്കിലൂടെ ഹനുമാന്‍ ചാലിസ മുഴക്കി. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്മറിയില്‍ ക്രിസ്മസ് പ്രാര്‍ഥന നടന്ന ആശ്രമത്തിനു മുന്നില്‍ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. മതപരിവര്‍ത്തനത്തിനുള്ള മറയാണ് എന്നാരോപിച്ച് സാന്താക്ലോസിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ കര്‍ണാടകയില്‍ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നു. ക്രിസ്മസിന് ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും ഹിന്ദുത്വ സംഘങ്ങള്‍ കാലേകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുതിയും കേന്ദ്ര ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. ഇതുമൂലം 22,000 മനുഷ്യര്‍ അന്നവും മരുന്നുമില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടപ്പെടും. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തില്‍ ആരൊക്കെ നിഷ്‌കാസനം ചെയ്യപ്പെടണം എന്ന് വിചാരധാരയിലൂടെ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം നമ്പരായി എണ്ണിയ മുസ്ലിംകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അന്നുതന്നെ തുടങ്ങിയിരുന്നു. മുസ്ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളുമില്ലാത്ത ഇന്ത്യയെന്നതാണ് വിചാരധാരയുടെ പ്രഖ്യാപിത ലക്ഷ്യം. ഹിന്ദുത്വ രാഷ്ട്രത്തില്‍ ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ളവരും നിഷ്‌കാസനം ചെയ്യപ്പെടേണ്ടവരാണ്. ബിജെപി അധികാരം വിപുലപ്പെടുത്തുന്നതിനനുസരിച്ച് 'ശുചീകരണവും' ത്വരിതപ്പെടുത്തുകയാണ്. സംഘപരിവാര ആക്രമണങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും അരക്ഷിതാവസ്ഥയിലും ഭയപ്പാടിലുമാണ്. ഇവിടെ ഇരകളുടെ കൂട്ടായ ചെറുത്തുനില്‍പ്പ് മാത്രമാണ് ഏക പരിഹാരം. ജനാധിപത്യപരവും നിയമപരവുമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടേണ്ടതുണ്ട്. മര്‍ദ്ദിത ജനത ഐക്യപ്പെടലിലൂടെ ഫാഷിസത്തിന്റെ തേര്‍വാഴ്ച്ചയെ ജനാധിപത്യപരമായി അതിജീവിക്കും.

വിരട്ടലാണോ മുഖ്യമന്ത്രിയുടെ പണി ?

വ്യാപാരികളുടെ പ്രതിഷേധത്തെ പൂർണ്ണമായും തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. സമരവുമായി മുന്നോട്ട് പോയാൽ നേരിടേണ്ട പോലെ നേരിടുമെന്ന് വിരട്ടുകയും ചെയ്തു. രണ്ടാമൂഴത്തിൻ്റെ അഹങ്കാരം മുഖ്യമന്ത്രിയിൽ പ്രകടമായിരുന്നു. ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിയാത്ത നിലയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. ജീവിത പ്രതിസന്ധി പരിധി വിടുമ്പോഴാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. അതിനോട് അനുഭാവ പൂർവ്വം പ്രതികരിക്കാത്തയാൾ ഭരണാധികാരിയല്ല. കോവിഡ് പ്രതിരോധത്തിൻ്റെ മുഴുവൻ ഭാരവും വ്യാപാരികളുടെ തലയിൽ കെട്ടി വെക്കേണ്ടതല്ല. അടച്ചിടാൻ നിർബന്ധിക്കുമ്പോൾ അത് കാരണമുണ്ടാകുന്ന സാമ്പത്തിക നഷ്ടം വകവെച്ചു കൊടുക്കാനുള്ള സന്നദ്ധത സർക്കാർ കാണിക്കേണ്ടതുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും പൊതു ഖജനാവിൽ നിന്ന് കൃത്യമായി ശമ്പളം പറ്റി മന്ത്രി പുംഗവന്മാർക്ക് പരിവാര സമേതം അല്ലലും അലട്ടലുമില്ലാതെ ജീവിക്കാൻ വോട്ടും നോട്ടും നൽകി സഹായിച്ചവരാണ് വ്യാപാരികളെന്ന കാര്യം മറക്കാതിരിക്കുക.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

ആകര്‍ഷണീയവും അതേസമയം വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് തോന്നുന്നതുമായ മുദ്രാവാക്യങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിക്കാറുണ്ട്. ഈ ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടതിന് സമകാലിക ഉദാഹരണങ്ങള്‍ തന്നെയുണ്ടല്ലോ ? വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (ഒ.ഐ.ഒ.പി) എന്ന സംഘടന ഉയര്‍ത്തിക്കൊണ്ടുവന്ന 'അറുപത് കഴിഞ്ഞവര്‍ക്കെല്ലാം തുല്യ പെന്‍ഷന്‍ ' എന്ന ആശയവും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാണ്. വളരെ തുഛമായ പെന്‍ഷന്‍ തുക മാത്രം കൈപ്പറ്റുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മാതൃകയില്‍ പുതിയൊരു രാഷ്ട്രീയ സംഘാടനമാണ് ഈ ട്രസ്റ്റുകാരുടെ ലക്ഷ്യമെന്ന സംശയം ബലപ്പെട്ടുവരികയാണ്. 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും മാസത്തില്‍ 10,000 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിനായിരത്തില്‍ പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന വാദം. സര്‍വീസ് പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനുവേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിനായിരമായി കുറക്കണമെന്ന നിലപാടെടുക്കുന്നതില്‍ എന്തു ന്യായമാണുള്ളത് ? 2018 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 119 ആണ്. അവരുടെ കൈകളിലാണ് ഇന്ത്യന്‍ ആസ്തിയുടെ 77% വും ഉള്ളത്. അവരുടെ വരുമാനത്തിന് കേവലം 1 % സെസ്സ് ഏര്‍പ്പെടുത്തുകയാണങ്കില്‍ ഇന്ത്യയില്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പൗരന്മാര്‍ക്കും 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുമെന്നിരിക്കെ എന്തു കൊണ്ടാണിവര്‍ ഈ ആവശ്യമുന്നയിക്കാത്തത് ? മുതലാളിത്ത - കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനം പോലും ഉണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയാണിവര്‍ കൈക്കൊള്ളുന്നതെന്ന് കാണാം. 2013 നു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷനാണ് നിലവിലുള്ളത്. റിട്ടയര്‍മെന്റ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ ജീവനക്കാരനും തന്റെ അടിസ്ഥാന ശമ്പളവും ഡി.എയും കൂടിയ തുകയുടെ 10% പെന്‍ഷന്‍ കോണ്‍ട്രിബൂഷനായി അടയ്ക്കണം. ഈ വസ്തുതയും O-I-O-P മറച്ച് വെക്കുന്നു. കേവലം 19000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു L-D ക്ലാര്‍ക്ക് പോലും മാസം തോറും 2280 രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇത്രയും തുക സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ചിട്ടുളള വിവിധ പെന്‍ഷന്‍ പദ്ധതികളിലൊന്നില്‍ പ്രതിമാസം നിക്ഷേപിച്ചാല്‍ ഏവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകും. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭദ്രമായ എക്സിക്യൂട്ടീവ് സംവിധാനം അനിവാര്യമാണ്. ഇതിനായി സര്‍ക്കാര്‍ വഹിക്കുന്ന ചെലവാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വേതനവും പെന്‍ഷനും. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിനുള്ള ചെലവാണിത്. ഇതു സര്‍ക്കാര്‍ നിര്‍വഹിച്ചില്ലെങ്കില്‍ സ്വകാര്യ കമ്പനികളാണ് രംഗം കൈയടക്കുക. അതോടുകൂടി ഇന്നു സൗജന്യമായി ലഭിച്ചുവരുന്ന പല സേവനങ്ങളും പണം കൊടുത്തുവാങ്ങേണ്ടി വരും. പൊതുസമ്പത്ത് കോര്‍പറേറ്റുകള്‍ കൈയടക്കുന്നതും പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്നതും കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കുന്നതും കുത്തകകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതി തള്ളുന്നതും ഉള്‍പ്പെടെ സര്‍ക്കാരുകള്‍ നടത്തുന്ന കോര്‍പ്പറേറ്റ് പ്രീണനങ്ങളാണ് ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുന്നതെന്ന യാഥാര്‍ഥ്യത്തെ ബോധപൂര്‍വം മറച്ചുവെച്ച് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കുള്ള ഏക കാരണമായി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമാണെന്ന പ്രചാരണം ശക്തമാക്കുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുക. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബി.ജെ.പി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നത്. ഇല്ലാത്ത ശത്രുവിനെയും അയഥാര്‍ത്ഥ കാരണങ്ങളെയും ചൂണ്ടികാണിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലും അവരെ ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തലും കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. ഈ താല്‍പ്പര്യങ്ങളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയിലൂടെ നിറവേറ്റപ്പെടുന്നത്. സാര്‍വ്വത്രികവും തുല്യവുമായ പെന്‍ഷന്‍ സര്‍ക്കാര്‍ ബാധ്യതയായി വരുന്നതോടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന പി.എഫ് പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് തലയൂരാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് പുതിയ വഴി തുറക്കുകയാണ് ചെയ്യുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് അവരുടെ ശമ്പള വിഹിതം കൂടി ചേര്‍ത്ത് കൊണ്ടാണെന്നതോടൊപ്പം ജോലി ചെയ്ത കാലയളവിനെയും ശമ്പളത്തേയും മാനദണ്ഡമാക്കിയാണ് അത് കണക്കാക്കുന്നത്. അത് ഏകീകൃതമാക്കുന്നത് അനീതിയാണ്. അതുകൊണ്ട് തന്നെ തുല്യ പെന്‍ഷനാണ് തുല്യ നീതിയെന്ന വാദം വസ്തുതാപരമല്ല. വാര്‍ധക്യ പെന്‍ഷന്‍ പതിനായിരം രൂപയാക്കുന്നത് നല്ലത് തന്നെ. എന്നാല്‍ അതിനുള്ള തുക കണ്ടെത്തുന്നത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടികുറച്ച് കൊണ്ടാവരുത്. സര്‍ക്കാര്‍ പാഴ്‌ച്ചെലവുകളും മുതലാളിത്ത പ്രീണനവും അവസാനിപ്പിച്ചാല്‍ മാത്രം ഇതിനുള്ള തുക കണ്ടെത്താനാകും. അതിന് വേണ്ടിയാണ് പ്രക്ഷോഭം നടക്കേണ്ടത്. ഈ വസ്തുതകളെ മുന്‍നിറുത്തി, ജനാധിപത്യപരമായ സംഘടന സംവിധാനങ്ങളെ പരിഗണിക്കാതെ ട്രസ്റ്റ് അംഗങ്ങളിലേക്ക് മുഴുവന്‍ അധികാരങ്ങളും കേന്ദ്രികരിക്കുന്ന ഛകഛജ എന്ന പ്രസ്ഥാനത്തോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹകരിക്കുകയോ, അതിന്റെ പ്രചാരകരാവുകയോ ചെയ്യേണ്ടതില്ലെന്നാണ് എസ്ഡിപിഐ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള പെന്‍ഷന്‍ സംവിധാനത്തിലെ അനഭിലഷണീയമായ ചില പ്രവണതകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. രണ്ട് വര്‍ഷവും ഒരു ദിവസവും മന്ത്രിയോ എംഎല്‍എയോ എം പിയോ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫോ ആകുന്നതോടെ പ്രായപരിധിയില്ലാതെ പെന്‍ഷന് അര്‍ഹരാകുന്ന രീതി, ഇരട്ട പെന്‍ഷനുകള്‍ തുടങ്ങിയവ അതില്‍ പ്രധാനമാണ്. സ്റ്റാറ്റിയൂട്ടറി പെന്‍ഷനായി വലിയ തുക കൈപ്പറ്റുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. ക്ഷേമ പെന്‍ഷനുകളില്‍ ന്യായമായ വര്‍ധന അനിവാര്യമാണ്. സര്‍ക്കാര്‍ ജീവനക്കാരെന്ന പോലെ തൊഴിലെടുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും പെന്‍ഷന്‍ പദ്ധതികള്‍ സാര്‍വത്രികമാക്കുന്നതിനും വേണ്ട ഇടപെടലുകള്‍ ആവശ്യമാണ്.

മുഖ്യമന്ത്രി ഓര്‍ക്കണം സ്വന്തം വാക്കുകള്‍

2016 ജനുവരി ആദ്യവാരം പുറത്തിറങ്ങിയ മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ''അന്ന് എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് ഈ സംഭവത്തെ ഫലപ്രദമായി ഞങ്ങള്‍ ഉപയോഗിച്ചു. അവരെ ഒതുക്കാനും ആ വളര്‍ച്ചയെ തടയിടാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.'' ഒരു പാര്‍ട്ടിയെ സ്റ്റേറ്റ് മെഷിനറി ഉപയോഗപ്പെടുത്തി എങ്ങനെ അടിച്ചമര്‍ത്താമെന്നും അതിന് അധികാരം എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെയും വെളിപ്പെടുത്തലായിരുന്നു ഈ അഭിമുഖം. കള്ളക്കഥകള്‍ മെനഞ്ഞ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സംസ്ഥാനത്തുടനീളം പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി. നിരപരാധികളെ ജയിലിലടച്ചും ക്രൂരമായ പീഢനകള്‍ക്ക് വിധേയമാക്കിയും എസ്.ഡി.പി.ഐ എന്ന നവ രാഷ്്ട്രീയ പ്രസ്ഥാനത്തെ വേരോടെ പിഴുതെടുക്കാമെന്ന ധാരണയോടെയാവണം ഇടതുപക്ഷ ഗവണ്‍മെന്റ് എസ്.ഡി.പി.ഐക്കെതിരേ തിരിഞ്ഞത്. നീതിയും മനുഷ്യാവകാശങ്ങളും അപ്രത്യക്ഷമായ ദിനങ്ങളായിരുന്നു അത്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിട്ടും ജയിലിലടച്ച അധ്യാപകനായ അനസിനെ വാഴക്കാട് ബ്ലോക്ക് ഡിവിഷനിലേക്ക് വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചാണ് ജനങ്ങള്‍ ഈ നെറികേടിനെതിരേ പ്രതിഷേധിച്ചത്. പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ ലഭിച്ചില്ല എന്ന് പരിതപിക്കുകയാണ് കൊടിയേരി. ഈ ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശങ്ങള്‍. കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്ന ചില സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അത്തരത്തിലൊന്നാണ് എസ്.ഡി.പി.ഐ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വൈകാരിക തള്ളിച്ച മൂലം എടുത്തുചാടി പ്രതികരിച്ചതല്ല എന്നത് എല്ലാവര്‍ക്കുമറിയും. യാഥാര്‍ഥ്യങ്ങളുട പിന്‍ബലമില്ലാത്ത തികച്ചും ദുരുദ്ദേശപരമായ ഈ പരാമര്‍ശങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യം എന്താണ്? എന്തുകൊണ്ടാണ് എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അസ്വസ്ഥമാവുന്നത്. വേളം പുത്തലത്തു നടന്ന കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും നേരത്തെ വ്യക്തമാക്കിയതാണ്. ലീഗുമായി ഒരു സംഘര്‍ഷവും പ്രസ്തുത മേഖലയിലുണ്ടായിരുന്നില്ല. ഇക്കാര്യം തുടക്കത്തില്‍ മുസ്്‌ലിം ലീഗ് നേതൃത്വം സമ്മതിച്ചതാണ്. എന്നാല്‍ എസ്.ഡി.പി.ഐ എന്ന രാഷ്്ട്രീയ പ്രസ്ഥാനത്തെ ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വീണുകിട്ടിയ അസുലഭാവസരം നഷ്ടപ്പെടുത്തരുത് എന്ന രീതിയിലാണ് പിന്നീട് ചില ലീഗ് നേതൃത്വങ്ങള്‍ ഇടപെട്ടത്. രാഷ്്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തകരെ വൈകാരികമായി ഉത്തേജിപ്പിക്കാനും രാഷ്്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുമാണ് ലീഗ് നേതൃത്വം ശ്രമിച്ചത് എന്നതിന് അതിനുശേഷം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങള്‍ തെളിവാണ്. പ്രകോപനപരമായ ഒരുപാട് സംഭവങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും എതിരേ തുടര്‍ച്ചയായി അരങ്ങേറിയിട്ടും അക്രമങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ മാതൃകാപരമായ നിലപാടാണ് എസ്.ഡി.പി.ഐ സ്വീകരിച്ചത്. മാത്രമല്ല ആരോപിക്കുന്ന ഗൂഢാലോചനയും ദുരൂഹതയും അകറ്റുന്നതിന് ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. തികച്ചും വ്യക്തിപരമായ പ്രശ്‌നമായിരുന്നിട്ടുകൂടി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടു എന്നതു കൊണ്ടു മാത്രം പാര്‍ട്ടിക്കെതിരേ സര്‍വ്വകോണുകളില്‍ നിന്നും നടക്കുന്ന നുണപ്രചരണങ്ങള്‍ കണ്ടാല്‍ ആദ്യമായി രാഷ്ട്രീയ കൊലപാതകം നടന്നത് വേളത്താണ് എന്ന് തോന്നിപ്പോകും. കൊലപാതകം നടത്താന്‍ പരിശീലനം നടത്തുന്ന ഒരു പാര്‍ട്ടി ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു കൊലപാതകം മാത്രമേ ആരോപിക്കാന്‍ കഴിയുന്നുള്ളൂ എന്നതില്‍ നിന്നു തന്നെ ഇത്തരം ആരോപണങ്ങളുടെ പിന്നിലുള്ള താല്‍പ്പര്യം വ്യക്തമാണ്. ഏഴ് വര്‍ഷമായി പരിശീലനം നടത്തുന്നത് സര്‍ക്കാരുകള്‍ക്ക് അറിയാമായിരുന്നിട്ടും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ എവിടെയാണെന്നും അതിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നും വിശദീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും, ശേഷം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും സജീവ രാഷ്ട്രീയ ഇടപെടല്‍ നടത്തിയ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അപഹാസ്യനാവാനേ ഉപകരിക്കൂ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരിച്ചറിയണം. രാഷ്്ട്രീയ കൊലപാതകങ്ങളും പരിശീലനം നേടിയവരും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 31 രാഷ്്ട്രീയ കൊലപാതകങ്ങളാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 14 കൊലപാതക കേസുകളിലും പ്രതികള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. 12 കൊലക്കേസുകളിലെ പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ മൂന്ന് കേസുകളിലും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേസിലും പ്രതികളാണ്. അഞ്ചുവര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റെ കണക്കുകളില്‍ ഒരു കൊലപാതകക്കേസു പോലും എസ്.ഡി.പി.ഐക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടില്ല. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആകെ 485 രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചിട്ടുള്ളത്. ഇതില്‍ 294 അക്രമങ്ങളില്‍ സി.പി.എമ്മും 90 എണ്ണത്തില്‍ എല്‍.ഡി.എഫ് മുന്നണിയില്‍പ്പെട്ട കക്ഷികളുമാണ് പ്രതികള്‍. 221 അക്രമങ്ങളില്‍ പ്രതികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. 244 സംഘട്ടനങ്ങളില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകരാണ്. വസ്തുതകള്‍ ഇതായിരിക്കെ എസ്.ഡി.പി.ഐക്കെതിരേ ഇരുമുന്നണികളും നിയമസഭയില്‍ ഉറഞ്ഞുതുള്ളിയതിന്റെ കാരണം വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്തുകൊണ്ട് എസ്.ഡി.പി.ഐക്കെതിരേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞോ ഏതെങ്കിലും നേതാവിന്റെ വ്യക്തി പ്രഭാവത്തിലോ തട്ടിക്കൂട്ടിയ പ്രസ്ഥാനമല്ല സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ-എസ്.ഡി.പി.ഐ. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനതയുടെയും സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെടുകയും 7 വര്‍ഷം കൊണ്ട് 18 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. 8 സംസ്ഥാനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ വിജയിപ്പിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. അഴിമതിക്കും വര്‍ഗീയതക്കുമെതിരേ യുള്ള ശക്തമായ നിലപാടുകളും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള സമരപോരാട്ടങ്ങളിലെ സത്യസന്ധതയുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പാര്‍ട്ടിയെ ജനകീയമാക്കിയത്. കേരളത്തില്‍ ഇരുമുന്നണികളും സ്വീകരിച്ചുവരുന്ന സഹകരണ രാഷ്ട്രീയത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കുകയും മുന്നണികള്‍ വെച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങളെ അവഗണിച്ച് കൊണ്ട് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നു എന്നത് ഇവരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. യു.ഡി.എഫും എല്‍.ഡി.എഫും യോജിപ്പിലെത്തിയെങ്കിലും ജനങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന അതിരപ്പള്ളി പദ്ധതി, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം പദ്ധതി, 30 മീറ്ററില്‍ ആറുവരി പാത പണിയാമെന്നിരിക്കെ 4 വരി പാതക്ക് വേണ്ടി 45 മീറ്റര്‍ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് കരുത്തുപകര്‍ന്ന് എസ്.ഡി.പി.ഐ സമരരംഗത്ത് സജീവമാണ്. യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും അനുകൂലമായ ഈ പദ്ധതികള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ മൂലം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. ഈ സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐ നല്‍കുന്ന പിന്തുണയാണ് പാര്‍ട്ടിക്കെതിരേ രംഗത്തുവരാന്‍ ഇവരെ പ്രചോദിപ്പിക്കുന്ന ഘടകം. ഇത് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. എസ്.ഡി.പി.ഐ അതിന്റെ പ്രവര്‍ത്തകര്‍ക്ക് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉ•ൂലനം ചെയ്യാനോ അക്രമികള്‍ക്ക് നേതൃത്വം നല്‍കാനോ പരിശീലനം നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമങ്ങളെ നേരിട്ട സന്ദര്‍ഭങ്ങളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അത്ഭുതകരമായ രീതിയില്‍ ആത്മരക്ഷാര്‍ഥം പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ പരിശീലനമാവില്ല. നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവുമാണ് എന്ന് മനസ്സിലാക്കണം. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി പട്ടിണിയില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം ലഭ്യമാവുന്ന അസമത്വങ്ങളും വിവേചനങ്ങളുമില്ലാത്ത അഴിമതി മുക്തമായ ഒരിന്ത്യയുടെ സൃഷ്ടിപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് പ്രവര്‍ത്തകര്‍ക്ക് പരിശീലിപ്പിക്കുന്നുണ്ട്. വര്‍ഗീയതയിലും അഴിമതിയിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും പരസ്പരം മല്‍സരിക്കുന്ന സാമ്പ്രദായിക മുന്നണികളെ നേരിടാന്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങള്‍ തന്നെ അമിതമാണ്. ഈ തിരിച്ചറിവ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെന്ന പോലെ സാമ്പ്രദായിക പാര്‍ട്ടികള്‍ക്കുമുള്ളതുകൊണ്ടാണ് എസ്.ഡി.പി.ഐക്കെതിരേ വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തുവരാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. ഐ.എസ്.ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന മുസ്‌ലിം ലീഗ് എം.എല്‍.എയുടെ പ്രസ്താവന, പേമന്റ് സീറ്റ് വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും സ്വയം അറിയപ്പെടാനുള്ള വ്യഗ്രതയും മാത്രമാണ്. താല്‍ക്കാലിക മാധ്യമശ്രദ്ധ കിട്ടാന്‍ ഇത്തരം ആരോപണങ്ങള്‍ വഴി സാധിക്കുമെങ്കിലും ജനങ്ങള്‍ക്കുമുമ്പില്‍ സ്വയം അപഹാസ്യനാവുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാണിക്കുന്നത് നന്നായിരിക്കും. ചുവപ്പിനും കാവിക്കും പലപ്പോഴും ഒരേ രൂപവും ഭാവവുമുള്ള നാദാപുരം മേഖലയില്‍ യാദൃശ്ചികമായി സംഭവിച്ച ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ പരമാവധി ലൈവ് ആക്കി നിര്‍ത്തി നാട്ടുകാര്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതും ഐ.എസ് റിക്രൂട്ട്‌മെന്റ് കഥ കൊണ്ട് പൊലിപ്പിച്ചുനിര്‍ത്തുകയും ചെയ്തത് ആരെ സന്തോഷിപ്പിക്കാനാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പരിശുദ്ധ റമദാന്‍ മാസത്തിലെ അവസാനപ്പത്തിലെ ഒരു ഒറ്റരാവില്‍ മലപ്പുറം മങ്കടയിലെ ഒരു ചെറുപ്പക്കാരനെ അനാശാസ്യമാരോപിച്ച് മണിക്കൂറുകള്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ച് വെള്ളംകുടിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ അനുവദിക്കാതെ ആഘോഷിച്ചുകൊലപ്പെടുത്തിയ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഐ.എസ്.ഐ.എസിന് കൂടുതല്‍ മുതല്‍ക്കൂട്ട് എന്ന് ഈ എം.എല്‍.എയെ ഓര്‍മ്മപ്പെടുത്തട്ടെ. 1997 മാര്‍ച്ച് 30ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം അവസാനിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരനെ ചില കാര്യങ്ങള്‍ ഓര്‍മിച്ചുകൊണ്ടാണ്. ''ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായി പറയും. അത് പോലിസിനെ വിട്ടു തല്ലി ശരിപ്പെടുത്തിക്കളയാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അത് എല്ലാകാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം കരുണാകരന്‍ ഓര്‍ക്കണം. ഇത്തരം പോലിസ് മന്ത്രിമാര്‍ക്ക് പോലിസിനെ വിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്ത് സംഭവിച്ചു. കേരളത്തില്‍ എന്ത് സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളൂ.'' കാര്യങ്ങള്‍ നേര്‍ക്ക് നേരെ പറയുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആടിനെ പട്ടിയാക്കാനുള്ള തീവ്രശ്രമത്തില്‍ മുഖ്യമന്ത്രിക്ക് സ്വന്തം വാക്കുകളെങ്കിലും ഓര്‍മയുണ്ടാവണമെന്നാണ് പറയാനുള്ളത്.

പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെറ്റില്‍ വാദിനെതിരെ സിബിഐ സ്വീകരിക്കുന്ന നിലപാടുകള്‍ അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്.

പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെറ്റില്‍ വാദിനെതിരെ സിബിഐ സ്വീകരിക്കുന്ന നിലപാടുകള്‍ അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്. ഭരണകൂടത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും തിരുത്തുകയും ചെയ്യുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. മനുഷ്യാവകാശ-പൗരവകാശ പ്രവര്‍ത്തകരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് അവരെ വേട്ടയാടുന്നത് പുരോഗമന ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാന്‍ കഴിയാത്തതാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ടീസ്തക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ നിലാപാട് ആശങ്കയുളവാക്കുന്നതാണ്. നിശബ്ദരാവുക എന്നതാണ് കൂടുതല്‍ സുരക്ഷിതത്വം, എന്ന പ്രതിലോമ നിലപാടിലേക്ക് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും വിശിഷ്യ ഇടതുപക്ഷം പോലും എത്തിയിരിക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സിബിഐ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയാണ്. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ടീസ്തയുടെയും ഭര്‍ത്താവ് ജവേദ് ആനന്ദിന്റെയും സ്ഥാപനങ്ങള്‍ സിബിഐ റെയിഡ് നടത്തിയത്. ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തിലെ 117 ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തതിന് ടീസ്തയാണ് നേതൃത്വം കൊടുത്തത്. നരോദപാട്യ കൂട്ടക്കൊലക്കേസിലെ മായാകോഡ് നാനിയും, ബാബുബജ്‌രംഗിയും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദികളും ഇവരില്‍പ്പെടും. 92 ലെ മുംബയ് കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരുന്നതിലും ഇരകള്‍ക്ക് സഹായകമായി പ്രവര്‍ത്തിച്ചതിലൂടെയും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു ടീസ്ത. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനം പോലും വെച്ചുപൊറുപ്പിക്കില്ലെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മനുഷ്യാവകാശങ്ങളും നീതിയും നിലനില്‍ക്കുന്നുവെന്നത് തന്നെ ഇത്തരം വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ വിവേചനങ്ങളെ എതിര്‍ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ടീസ്തയേ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കുക എന്നത് മാനുഷികതയുടെ പ്രഥമിക ബാധ്യതയാണ്. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ടീസ്തയും സഹപ്രവര്‍ത്തകരും നടത്തുന്ന പോരാട്ടത്തെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍്ട്ടി ഓഫ് ഇന്ത്യ പിന്തുണയ്ക്കുന്നു. ടീസ്തയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള നീക്കത്തിനെതിരെയുള്ള സമരങ്ങളോട് എസ്.ഡി.പി.ഐ ഐക്യപ്പെടുന്നു.

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547