വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നിന്ന് മോചനം,
എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നില്‍ക്കുന്നതായി പാര്‍ട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്‌നിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്‍പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക് ദാസ്യപ്പണി ചെയ്യുകയാണ് പാര്‍ട്ടികള്‍. മനുഷ്യന് വിലകല്‍പ്പിക്കാത്ത കമ്പോള ലാഭത്തില്‍ മാത്രം താല്‍പ്പര്യമുള്ള അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളോട് സമരസപ്പെടുകയും അവരുടെ അജണ്ടകള്‍ക്കനുകൂലമായി ഈ പാര്‍ട്ടികള്‍ നിലകൊള്ളുകയും ചെയ്യുന്നു. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ജനവഞ്ചനക്കെതിരേ ധീരമായ ജനപക്ഷ ഇടപെടലുകള്‍ നടത്തുകയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള വിമോചനപ്പോരാട്ടം വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷണം, ജോലി എന്നീ പ്രാഥമിക ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതാവണം വികസനം എന്നതാണ് എസ്.ഡി.പി.ഐയുടെ കാഴ്ചപ്പാട്. പ്രകൃതിസൗഹൃദപരം കൂടിയായിരിക്കണം വികസനം. വികസനത്തിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കും ഒരുപോലെ ലഭിക്കണം. വികസനം കുറേ ആളുകള്‍ ഇരകളാക്കപ്പെടുന്നത് ആവരുത്.
എസ്.ഡി.പി.ഐ 2009 ജൂണ്‍ 21 നാണ് ഇന്ത്യയിലെ ജനങ്ങളുടെ, പ്രത്യേകിച്ചു ദുര്‍ബലരും അവഗണിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ മുന്നേറ്റത്തിനുള്ള രാഷ്ട്രീയ വേദിയായി രൂപം കൊണ്ടത്. നിലവിലുള്ള വ്യവസ്ഥയുടെ സമ്പൂര്‍ണമായ അഴിച്ചുപണിയാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. തൃണമൂല തലത്തിലുള്ള ജനാധിപത്യവും ശാക്തീകരണവും ഈ പരിവര്‍ത്തിനു മൗലികമാണ്. സ്വകാര്യ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്താതെത്തന്നെ രാഷ്ട്രത്തിന്റെ ഇടപെടലോടെ, ദേശീയ വിഭവങ്ങളുടെ സംതുലിതമായ വിതരണം ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെ അടിസ്ഥാന ദൗത്യമെന്ന് എസ്.ഡി.പി.ഐ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവകാശങ്ങളും സമത്വവും നീതിയും സംരക്ഷിക്കുക ലക്ഷ്യമാക്കി ഹ്രസ്വകാലത്തെക്കും ദീര്‍ഘകാലത്തെക്കുമുള്ള പദ്ധതികള്‍ എസ്.ഡി.പി.ഐ നിര്‍ദേശിക്കുന്നു. നിലവിലുള്ള നയങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയവ ജനാധിപത്യപരമായി പുനപ്പരിശോധിക്കുന്നതിനുതകുന്ന മാറ്റത്തിന്, സാമ്പത്തിക അസമതകളുടെ വര്‍ധനവ് തടയുന്നതിന്, തുല്യനീതിയോടെയുള്ള സാമ്പത്തിക വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കുന്നതിന് എസ്.ഡി.പി.ഐ നിലകൊള്ളുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യല്‍ ഡെമോക്രസി എന്നാല്‍, നിയമനിര്‍മ്മാണം, ഭരണനിര്‍വഹണം, ജുഡീഷ്യറി എന്നിവയില്‍ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്കുകയാണ്.
മുസ്‌ലിംകള്‍ക്കു മതിയായ പ്രാതിനിധ്യം നല്കാതെ അവരുടെ വോട്ട് കൈക്കലാക്കാന്‍ തങ്ങളുടെ ന്യൂനപക്ഷഭീതി എല്ലാ മതേതരകക്ഷികളും ചൂഷണം ചെയ്തിട്ടുണ്ട് എന്നത് പൊതുകാര്യമാണ്. മറുവശത്ത് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിച്ചു ദലിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും അവരുടെ നേതാക്കളും വഞ്ചിച്ചു. എസ്.ഡി.പി.ഐയുടെ രൂപീകരണം മുസ്‌ലിംകള്‍, ദലിതുകള്‍, നീതിനിഷേധിക്കപ്പെട്ട മറ്റു സമുദായങ്ങള്‍ എന്നിവരെ ശാക്തീകരിക്കുക ലക്ഷ്യമാക്കിയുള്ള ക്രിയാത്മക രാഷ്ട്രീയ പരിശ്രമമാണ്.
കുറച്ചാളുകളുടെ കൈയിയിലിരിക്കുന്ന അധികാരം പിടിച്ചെടുത്തു ജനങ്ങള്‍ക്കു കൈമാറുകയാണ് എസ്ഡിപിഐ യുടെ ലക്ഷ്യം. രാഷ്ട്രീയ ശക്തി തൃണമൂലതലത്തില്‍തന്നെ ജനങ്ങളിലെത്തണം. അധികാരവിനിയോഗത്തില്‍ സാധാരണക്കാര്‍ക്കും തങ്ങളുടെ വിഹിതം നിര്‍വഹിക്കാന്‍ കഴിയണം. മാറ്റം ആവശ്യമാണെന്നു മാത്രമല്ല, അനിവാര്യമാണെന്നും എസ്ഡിപിഐ കരുതുന്നു. സ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും ജന്മാവകാശമാണ്. രാഷ്ട്രീയ ശക്തിയാവട്ടെ അതു തുല്യമായി ഏവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ഗോവണിയും.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183