SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ലേഖനങ്ങൾ

ഹോം » ലേഖനങ്ങൾ

പി.കെ ഫിറോസിനോട് പറയാനുള്ളത്

അജ്മല്‍ ഇസ്മായില്‍ (എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി

19-07-2017

ജൂലൈ 16 തീവ്രവാദത്തിനെതിരായ ദിനമാചരിച്ച യൂത്ത് ലീഗ് തീരുമാനം അപഹാസ്യവും അനുചിതവുമാണെന്ന് പറയാതെ വയ്യ. വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസ്‌റുദ്ധീന്‍ കൊല്ലപ്പെട്ടതിലുള്ള ദു:ഖത്തേക്കാള്‍ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടതിലുള്ള സന്തോഷവും ആവേശവുമാണ് ഈ ദിവസം തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കാനുള്ള പ്രധാന ചോദനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചന്ദ്രികയില്‍ ( ജൂലൈ 16 ) എഴുതിയ ലേഖനം വ്യക്തമാക്കുന്നു. തിരൂരിലെ യാസറും, കൊടിഞ്ഞി ഫൈസലും, കാസര്‍ഗോഡ് റിയാസ് മൗലവിയും ആര്‍ എസ് എസിന്റെ കൊലക്കത്തിക്കിരയായ ദിവസമോ ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വ ദിനമോ തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കാത്തതിനെ കുറിച്ച് ചോദിച്ചാല്‍ അത് തീവ്രവാദമായേക്കും! അതൊക്കെ സഹതാപ ദിനമായും സൗഹാര്‍ദ്ദ ദിനമായും ആചരിച്ചാല്‍ മാത്രമേ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന അസ്തിത്വ ഭീഷണി പരിഹരിക്കാനാവുകയുള്ളു എന്ന ലീഗിന്റെ നയം ഫിറോസ് ഈ ലേഖനത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. അരിയില്‍ ശുകൂറിനെ അരിഞ്ഞ് വീഴ്ത്തിയ സി.പി.എമ്മിനോടും കാസര്‍ഗോഡ് ജില്ലയില്‍ ഒന്നിലധികം യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍.എസ്.എസിനോടും ഇല്ലാത്ത ശത്രുതയാണ് എസ്.ഡി.പി.ഐ യോട് യൂത്ത് ലീഗിന്റെ പേരില്‍ പി.കെ ഫിറോസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിലപാടുകള്‍ മുസ്‌ലിം ഐക്യത്തെ കുറിച്ചുള്ള യൂത്ത് ലീഗ് നേതാക്കളുടെ വായ്ത്താരികള്‍ കപടമാണെന്ന് വിളിച്ചോതുന്നു. ആര്‍.എസ്.എസിന്റെ വംശവെറിയുടെ ഇരയായി രക്തസാക്ഷിത്വം വരിച്ച ഹരിയാനയിലെ ജുനൈദിന്റെ സഹോദരനെ കൊണ്ട് വന്ന് ലീഗ് നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ പ്രഖ്യാപനങ്ങളുടെ അര്‍ത്ഥം ചോര്‍ത്തിക്കളയുന്ന പ്രവര്‍ത്തനമാണ് യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്. നസ്‌റുദ്ധീന്റെ മരണത്തിലേക്ക് നയിച്ച സംഭവം ദുഃഖകരവും അപലപനീയവുമാണെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ പോലും ഈ സംഭവം ഞെട്ടലാണുണ്ടാക്കിയത്. ഇത് ബഷീറും നസ്‌റുദ്ധീനും തമ്മിലുള്ള വ്യക്തിവിരോധത്തിന്റെ പ്രശ്‌നമാണെന്നും പാര്‍ട്ടി ഇതംഗീകരിക്കുകയില്ലെന്നും ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും എസ്.ഡി.പി.ഐ നേതൃത്വം മുസ്‌ലിം ലീഗ് ജില്ലാ നേതാക്കളെ അറിയിക്കുകയും ചെയ്തതായിരുന്നു. പാര്‍ട്ടിയുടെ നിരപരാധിത്വത്തെ കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം മുഖവിലക്കെടുക്കാനുള്ള മാന്യത ലീഗ് നേതൃത്വം കാണിക്കാതിരുന്നതിന്റെ കാരണവും വേളം യൂത്ത് ലീഗിന്റെ അമിതാവേശത്തില്‍ നിഴലിക്കുന്നുണ്ട്. നസ്‌റുദ്ധീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂട്ടം കൂടി ആക്രമിച്ചു, തലങ്ങും വിലങ്ങും കുത്തി, മൃതദേഹം അതിക്രൂരമായ രീതിയില്‍ വികൃതമാക്കി തുടങ്ങിയ നുണകളാണ് ഫിറോസ് തട്ടി വിട്ടിരിക്കുന്നത്. ബഷീറും നസ്‌റുദ്ധീനും തമ്മില്‍ പാര്‍ട്ടിയുടെ പേരില്‍ ചില പ്രശ്‌നങ്ങളും പോലീസ് കേസും (പിന്നീട് വിശദീകരിക്കാം ) ഉണ്ടായിരുന്നെങ്കിലും അന്നേ ദിവസം അവര്‍ സന്ധിച്ചതും സംഘട്ടനമുണ്ടായതും യാദൃശ്ചികമായിരുന്നുവെന്നും നിഷ്പക്ഷമായി അന്വേഷിച്ചാല്‍ അറിയാം. ആദ്യഘട്ടത്തില്‍ ബഷീര്‍ എന്ന പ്രവര്‍ത്തകനെ പൂര്‍ണമായി തള്ളിപ്പറയുകും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിയമസഹായം പോലും വിലക്കുകയും ചെയ്തവരാണ് ഞങ്ങള്‍. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബഷീറിനെ മാത്രം കുറ്റപ്പെടുത്താവുന്ന സാഹചര്യം സംഭവത്തിലില്ലെന്നും സ്വയം രക്ഷക്ക് വേണ്ടിയുള്ള പ്രതിരോധത്തിലാണ് നസ്‌റുദ്ധീന് മുറിവേറ്റതെന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. പി.കെ ഫിറോസ് അവതരിപ്പിക്കുന്നത് പോലെ നസ്‌റുദ്ധീന്‍ സാത്വികനും നിരപരാധിയുമൊന്നുമല്ല. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആ സഹോദരനെ കുറിച്ച് ചില കയ്‌പേറിയ സത്യങ്ങള്‍ തുറന്ന് പറയേണ്ടി വരുന്നതില്‍ വേദനയുണ്ട്. മുസ്‌ലിം സമുദായത്തിനുള്ളില്‍ വിള്ളലുകള്‍ വലുതാക്കുന്നതില്‍ ഹരം കാണുന്ന ചിലര്‍ നസ്‌റുദ്ധീനെ ഇരയാക്കുന്നതിനെ തുറന്ന് കാണിക്കേണ്ടി വരുന്നതില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. നസ്‌റുദ്ധീന്റെ മരണത്തില്‍ കലാശിച്ച സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിയും അദ്ദേഹം തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ പഞ്ചായത്ത് പ്രസിഡന്റിനെ ചൊല്ലി ലീഗിനുള്ളിലെ തെരുവ് തര്‍ക്കം റെക്കാര്‍ഡ് ചെയ്തതായി ആരോപിച്ച് ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നസ്‌റുദ്ധീന്‍ എറിഞ്ഞുടക്കുന്നു. പ്രശ്‌നം പോലീസ് സ്‌റ്റേഷനിലെത്തുന്നു. ആരോപണം തെറ്റാണെന്ന് ബഷീര്‍ പറഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിക്കുന്നു. എന്നാല്‍ റെക്കാര്‍ഡ്‌സ് വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധം മൊബൈല്‍ ഫോണ്‍ തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ തകര്‍ത്തതിന് നസ്‌റുദ്ധീനെതിരെ ബഷീര്‍ പരാതി നല്‍കുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ നല്‍കി. സമന്‍സ് വന്നിട്ടും നസ്‌റുദ്ധീന്‍ കോടതിയില്‍ ഹാജരായില്ല. കേസ് വാറണ്ടായതിനെ തുടര്‍ന്ന് നസ്‌റുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജാമ്യമെടുത്ത് ഇറങ്ങിയ അതേ ദിവസം രാത്രി 7:50 നാണ് ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടാകുന്നത്. ബഷീറിന് നസ്‌റുദ്ധീനോട് പരിധിവിട്ട വ്യക്തിവിരോധമില്ലെന്നും വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ അന്യായമായി നശിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നസ്‌റുദ്ധീന്റെ മനസ്സിലാണ് സംഭവ ദിവസം പ്രത്യേക പ്രകോപനത്തിന് കാരണമുണ്ടായിരുന്നതെന്നും ആര്‍ക്കും നിരീക്ഷിക്കാനാകും. പോലീസ് ഉദ്യോഗസ്ഥരും ഈ തിരിച്ചറിവ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് യൂത്ത് ലീഗുകാര്‍ കുറ്റിയാടി സ്‌റ്റേഷനില്‍ പ്രതികള്‍ക്ക് ബിരിയാണി നല്‍കുന്നെന്ന വില കുറഞ്ഞ ആരോപണവുമായി രംഗത്തിറങ്ങിയത്. ഈ സംഭവപരമ്പരകളുടെ ഒരു ഘട്ടത്തിലും ബഷീര്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുകയോ വ്യക്തി വിരോധം വെച്ച് നസ്‌റുദ്ധീനെ കയ്യേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ നസ്‌റുദ്ധീന്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഓരോ ഘട്ടത്തിലും നിയമലംഘനവും അതിക്രമവുമാണ് കാണിച്ചത്. 2016 ജൂലൈ 16 ന് എന്താണ് സംഭവിച്ചത്? അന്ന് രാത്രി 7.50 ന് ബഷീര്‍ നസ്‌റുദ്ധീനുമായി കണ്ട് മുട്ടിയത് അപ്രതീക്ഷിതമായിരുന്നു. തേജസ് പത്രത്തിന്റെ പണം പിരിക്കാന്‍ പോകുന്ന അബ്ദുറഹ്മാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ബഷീര്‍ കൂട്ടിന് വേണ്ടി പോകുന്നത്. തെരുവില്‍ വെച്ച് ബഷീറിനെ കണ്ടപാടെ നസ്‌റുദ്ധീന്‍ അദ്ദേഹത്തിന്റെയടുത്തേക്ക് ആക്രോശിച്ച് കൊണ്ട് വരുന്നു. ബഷീറിന്റെ പരാതിയില്‍ അറസ്റ്റുണ്ടായതിലും കോടതിയില്‍ പോകേണ്ടി വന്നതിലുമുള്ള ജാള്യതയും പ്രകോപനവുമായിരുന്നു കാരണമെന്ന് വ്യക്തം. അക്രമം തടയാന്‍ ശ്രമിച്ച അബ്ദുറഹ്മാന് പരിക്കേറ്റു. നസ്‌റുദ്ധീന്റെ അടുത്ത അറ്റാക്കിന് കഴുത്ത് നീട്ടി കാത്തു നില്‍ക്കാതെ സ്വയം പ്രതിരോധത്തിന് ബഷീര്‍ നിര്‍ബന്ധിതനായി. അതാണ് നസ്‌റുദ്ദീന്റെ മരണത്തില്‍ കലാശിച്ചത്. ദാരുണമായ ഈ ഒരന്ത്യം നസ്‌റുദ്ധീന്‍ ചോദിച്ച് വാങ്ങിയതാണെന്ന് എങ്ങിനെ പറയാതിരിക്കും? ഇതിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ തെരുവില്‍ വലിച്ച് കീറുന്നത് കാണുമ്പോള്‍ വര്‍ത്തമാന കാലത്ത് ഒരു യുവജനപ്രസ്ഥാനം നേരിടുന്ന ആശയ ദാരിദ്ര്യത്തെ കുറിച്ചോര്‍ത്ത് പരിതപിക്കേണ്ടി വരുന്നു. എസ്.ഡി.പി.ഐ യുടെ പൂര്‍വ്വരൂപമായ എന്‍.ഡി.എഫിനെ അസ്വീകാര്യമാക്കുന്നതില്‍ ലീഗിന്റെ പങ്ക് ചെറുതല്ല തുടങ്ങിയ ഫിറോസിന്റ അവകാശവാദങ്ങളെ അവഗണിക്കുന്നു. സമൂഹത്തിനകത്ത് ഭിന്നിപ്പിന്റെ വിത്ത് പാകി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും എസ്.ഡി.പി.ഐ പ്രതിരോധത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നതിലെ കുണ്ഠിതവും ഫിറോസ് പ്രകടിപ്പിക്കുന്നുണ്ട്. അതോടൊപ്പം സമുദായത്തെ എന്നും വിടാതെ പിന്തുടരുന്ന അസ്തിത്വ പ്രതിസന്ധിക്ക് പരിഹാരം കാണലാണ് യൂത്ത് ലീഗ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇത് രണ്ടും എങ്ങിനെയാണ് ഒത്ത് പോവുകയെന്നതിനെ കുറിച്ച് നമുക്ക് ചിന്തിച്ച് തലപുണ്ണാക്കാം. ആര്‍.എസ്.എസ് തെരുവ് പട്ടികളെ പോലെ മുസ്‌ലിംകളെ കൈകാര്യം ചെയ്യുന്ന ഈ സന്ദര്‍ഭത്തിലും ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരയാണ് കൊതുകിന് കൗതുകം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന സമീപനമാണ് യൂത്ത് ലീഗ് നേതൃത്വം പുലര്‍ത്തുന്നത്. തീവ്രവാദാരോപണത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ല, അത് മുസ്‌ലിം സമുദായ സംഘടനകള്‍ ഏറ്റെടുക്കുന്നതിലെ സഹതാപമേയുള്ളൂ. ഈ കുന്തം ഏറ്റ് വാങ്ങിയവരുടെ ചരിത്രം ഇവിടെയുണ്ട്. അവരില്‍ മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. മമ്പുറം തങ്ങളും വെളിയങ്കോട് ഉമര്‍ഖാസിയും, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമുണ്ടായിരുന്നു. ഭരണകൂടം പ്രതിയോഗികള്‍ക്ക് ചാര്‍ത്തി കൊടുത്തിരുന്ന മുള്ളുമാലയായിരുന്നു തീവ്രവാദാരോപണം.നീതിബോധം വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളുടെ പ്രതികരണ ശേഷിയെ അടിച്ചമര്‍ത്താനും ഈ ആയുധം തന്നെ ശത്രുക്കള്‍ പ്രയോഗിക്കുന്നു. അതിന് കൂട്ട് നിന്നാല്‍ ലീഗിന് ഇനിയും ജുനൈദുമാരുടെ സഹോദരങ്ങളെ സമ്മേളനങ്ങളില്‍ അതിഥികളായി ലഭിച്ചേക്കാം. അത് മതിയോ ഫിറോസ്? * * * * * *

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183