റോയ് അറയ്ക്കല്‍
22-07-2018
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ മറവില്‍ എസ്.ഡി.പി.ഐയെ രാഷ്ട്രീയമായി ലക്ഷ്യംവച്ചുള്ള ശക്തമായ കടന്നാക്രമണമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനപ്പുറമുള്ള രാഷ്ട്രീയതാല്‍പ്പര്യം ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം മലയാള മനോരമക്ക് നല്‍കിയ അഭിമുഖം. എസ്.ഡി.പി.ഐക്കെതിരേ സി.പി.എമ്മും എല്‍.ഡി.എഫും വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയവിരോധം എത്രത്തോളമെന്നതിന് തെളിവായി അദ്ദേഹം ഉദ്ദരിക്കുന്നത് മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ വി എസ് സര്‍ക്കാര്‍ സ്വീകരിച്ച പോലിസ് നടപടിയാണ്. നിഷ്പക്ഷമായ കേസ് അന്വേഷണത്തേക്കാള്‍ എസ്.ഡി.പി.ഐയോടുള്ള രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചുവെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങളിലൂടെ വ്യക്തമാവുന്നത്. കേസന്വേഷണത്തേക്കാളുപരി, രാഷ്ട്രീയപ്പകപോക്കലോടെ എസ്.ഡി.പി.ഐയെ ഉന്നം വച്ചുള്ള പോലിസ് വേട്ടയായിരുന്നു അന്ന് നടന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങള്‍ ചുമത്തുകയും ചെയ്തു. എന്നാല്‍ പ്രതികളാക്കപ്പെട്ടവരില്‍ എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളടക്കം നിരവധി പേരെ കോടതി കുറ്റവിമുക്തരാക്കുകയാണുണ്ടായതെന്ന വസ്തുത ബോധപൂര്‍വ്വം മറച്ച് വെക്കുന്നു. പാര്‍ട്ടിക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങളും വിചാരണക്കോടതി തള്ളിക്കളഞ്ഞു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും പോലിസും അന്തര്‍ദ്ദേശീയ ബന്ധംവരെ ആരോപിച്ച സംഭവം പ്രാദേശികമാണെന്ന് കോടതി കണ്ടെത്തി. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ യു.ഡി.എഫിനെ സഹായിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായാണ് കോടിയേരി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പിന്നീട് നടന്ന പല തിരഞ്ഞെടുപ്പുകളിലും സ്വന്തം സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ട്ടി സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തും കഴക്കൂട്ടത്തുമടക്കം എസ്.ഡി.പി.ഐ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഒരു പരിശോധന നടത്താന്‍ കോടിയേരി തയ്യാറാവണം. മൂവാറ്റുപുഴ സംഭവം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇപ്പോള്‍ ആഭ്യന്തരത്തിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിനിടയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ട എത്ര കേസുകള്‍ പിന്‍വലിച്ചുവെന്നും അത് ഏതൊക്കെയാണെന്നും വ്യക്തമാക്കാന്‍ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. ഒരു പതിറ്റാണ്ടുകാലമായി ജനങ്ങള്‍ക്കിടയില്‍ സ്വന്തം മേല്‍വിലാസം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ നടത്തിയിട്ടുള്ള സാമൂഹ്യ, രാഷ്ട്രീയ ഇടപെടലുകളില്‍ പാര്‍ട്ടി മുന്നോട്ടുവക്കുന്ന സാമൂഹ്യ ജനാധിപത്യം അതിന്റെ പ്രത്യയശാസ്ത്ര വ്യക്തതയോടെ ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ ആദര്‍ശാടിത്തറക്ക് ഏതെങ്കിലും രീതിയില്‍ മറയിടുകയോ ഏതെങ്കിലും പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറുകയോ ചെയ്യേണ്ട സാഹചര്യം ഞങ്ങളുടെ പാര്‍ട്ടിക്കില്ല. വ്യത്യസ്തമായ മത, സംസ്്കാരങ്ങള്‍ ഇടകലര്‍ന്ന് നിലകൊള്ളുന്ന ഇന്ത്യന്‍ സാമൂഹികപശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അതിന്റെ പൂര്‍ണതയോടെ നിര്‍വചിക്കാന്‍ കഴിയാത്ത ആദര്‍ശ പ്രതിസന്ധി നേരിടുന്നത് സി.പി.എമ്മാണ്. അതുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതീകവാദം മാറ്റിവച്ച് രാമായണ മാസത്തിനും ശ്രീകൃഷ്ണ ജയന്തിക്കും രക്ഷാബന്ധനും പിന്നാലെ പോകേണ്ട ഗതികേട് സി.പി.എമ്മിനുണ്ടായിരിക്കുന്നത്. ദേശീയതലത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളികള്‍ക്ക് മുമ്പില്‍ ആടിയുലഞ്ഞ സി.പി.എമ്മിനെ ത്രിപുരയും ബംഗാളും കൈയൊഴിഞ്ഞുകഴിഞ്ഞു. അവശേഷിക്കുന്ന ഏക തുരുത്തായ കേരളത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അടിസ്ഥാന വോട്ടുബാങ്കായ ഹിന്ദു വിഭാഗങ്ങളെ പിടിച്ചുനിര്‍ത്തണം. അതിനായി ആര്‍.എസ്.എസിനെ വെല്ലുന്ന ഹിന്ദുത്വ മനോഭാവത്തിലേക്ക് ചുവടുമാറുകയെന്ന ആദര്‍ശ ശുദ്ധിയില്ലാത്ത നിലപാടിലേക്ക് സി.പി.എം മാറിയിരിക്കുന്നു. അതിന്റെ ഭാഗമായി മഹാരാജാസ് സംഭവത്തെ മറയാക്കി പരമാവധി മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവിന്റെ ജാതി സത്വം ഉയര്‍ത്തിപ്പിടിക്കുന്നതും ആരോപണവിധേയരുടെ മതത്തിന്റെ പേരില്‍ വര്‍ഗീയത ആരോപിക്കുന്നതുമെല്ലാം ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയാണ്. സി.പി.എമ്മിലെ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരും അനുഭാവികളും ഈ ദുരവസ്ഥയുടെ ബലിയാടാകാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മിലെ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സഖാക്കള്‍ ഒരുപക്ഷേ ഏറ്റവും വലിയ സ്വത്വപ്രതിസന്ധി നേരിടുന്ന കാലംകൂടിയാണിത്. മതപരമായ അസ്തിത്വം വലിച്ചെറിഞ്ഞ് പാര്‍ട്ടിക്കൂറ് തെളിയിക്കുകയെന്ന നിര്‍ബന്ധിതാവസ്ഥയെ അതിജീവിക്കാത്തപക്ഷം പാര്‍ട്ടി സെക്രട്ടറി മുദ്രയടിച്ച നുഴഞ്ഞുക്കയറ്റക്കാരനെന്ന സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരുന്ന ദുരന്തപൂര്‍ണമായ അവസ്ഥ. നുഴഞ്ഞുകയറ്റം മൂന്നു നാലു ജില്ലകളില്‍ കണ്ടെത്തി എന്ന് അവ്യക്തമായി പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നതിനു പകരം, ഏതൊക്കെ ജില്ലയില്‍ എത്രവീതം പ്രവര്‍ത്തകരാണ് നുഴഞ്ഞുകയറിയിട്ടുള്ളതെന്ന കൃത്യമായ കണക്ക് പുറത്തുവിടാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറുണ്ടോ എന്ന് എസ്.ഡി.പി.ഐ വെല്ലുവിളിക്കുന്നു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിക്കുന്നവരില്‍ പാര്‍ട്ടി വിശ്വാസത്തില്‍ എടുക്കാത്തവരുടെ കൃത്യമായ കണക്കുകള്‍ അതത് നേതൃത്വങ്ങളും പുറത്തുവിടട്ടെ. അതിനു കഴിയാത്തിടത്തോളം വര്‍ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് കുടപിടിക്കുന്ന പ്രവര്‍ത്തനമായി ഇതിനെ കണേണ്ടിവരും. സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ദിനത്തിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവര്‍ അറസ്റ്റിലായിട്ടുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ 91 പോലിസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 213 കേസുകളില്‍ 5550 പേരാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 256 പേരാണ് ആകെ റിമാന്‍ഡിലായത്. ഇതില്‍ 70 പേരും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരാണ്. 45 പേര്‍ സി.പി.എം പ്രവര്‍ത്തകരും. കോണ്‍ഗ്രസ് 03, ഐ.എന്‍.എല്‍-പി.ഡി.പി 17, ബി.ജെ.പി 01, മറ്റുള്ളവര്‍ 30 എന്നിങ്ങനെയാണ് കണക്ക്. എസ്.ഡി.പി.ഐയുടെ 34 പ്രവര്‍ത്തകരാണ് ഈ പട്ടികയില്‍പ്പെട്ടിട്ടുള്ളത്. 637 പേര്‍ സ്‌റ്റേഷന്‍ ജാമ്യം എടുത്തിട്ടുണ്ട്. ബാക്കി 4657 പേര്‍ ഇനി ജാമ്യം എടുക്കാന്‍ ഉള്ളവരാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് താനൂരില്‍ മാത്രം ആകെ 18 കേസാണ് എടുത്തത്. ബേക്കറിയും പടക്കക്കടയും തകര്‍ത്തതിന്റെ പേരില്‍ 153എ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ എടുത്തു. ഇതില്‍ ഉള്‍പ്പെട്ട ആകെ എട്ടു പ്രതികളില്‍ 3 പേര്‍ സി.പി.എം പ്രവര്‍ത്തകരും 5 പേര്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുമാണ്. രണ്ടു കെ.എസ്.ആര്‍.ടി.സി ബസും ഒരു പോലിസ് വാനും തകര്‍ത്തതിന് മൂന്നു കേസുകളിലായി 8 പേരാണ് അറസ്റ്റിലായത്. സി.പി.എം 03, മുസ്‌ലിംലീഗ് 02, എസ്.ഡി.പി.ഐ 02, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് പ്രതികളുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക്. മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരള പോലിസ് തയ്യാറാക്കിയ കണക്കുകളാണിത്. ചുരുങ്ങിയ പക്ഷം ഇതെങ്കിലും പരിശോധിക്കാന്‍ തയ്യാറായിരുന്നെങ്കില്‍, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നത് ഒഴിവാക്കാമായിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടിനയത്തിനനുസൃതമായി എസ്.ഡി.പി.ഐയുടെ ജനപ്രതിനിധികള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും അതിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ട്. അത് തുറന്നുസമ്മതിക്കാനുള്ള ആര്‍ജ്ജവമില്ലായ്മ രാഷ്ട്രീയമ ഷണ്ഠത്വമായേ കാണാന്‍ കഴിയൂ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മല്‍സരരംഗത്തുണ്ടായിരുന്നില്ല. അവിടെ പാര്‍ട്ടി എന്തുനിലപാട് സ്വീകരിച്ചുവെന്നതിനേക്കാളുപരി എസ്.ഡി.പി.ഐയുടെ പിന്തുണയും സഹായവും ആരൊക്കെ തേടിയിരുന്നുവെന്നതാണ് കൂടുതല്‍ പ്രസക്തം. കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന അതേ ആര്‍ജ്ജവത്തോടെ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ജില്ലാ നേതൃത്വം കാര്യങ്ങള്‍ പറയട്ടെ. അപ്പോഴാണ് എസ്.ഡി.പി.ഐക്ക് കൂട്ടിച്ചേര്‍ക്കാന്‍ പലതുമുണ്ടാവുക. മഹാരാജാസ് സംഭവത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്ന കാടിളക്കിയുള്ള പോലിസ് നടപടികളിലും മാധ്യമവിചാരണയിലും തെളിഞ്ഞുവരുന്ന പലതുമുണ്ട്. ഒരനിഷ്ട സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരികയെന്നതിനേക്കാള്‍, രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശപ്പോരാട്ട മേഖലയില്‍ ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളോടുള്ള അസഹിഷ്ണുതയാണ് എവിടെയും മുഴച്ചുനില്‍ക്കുന്നത്. ഒരു കൊലപാതകവും ന്യായീകരിക്കപ്പെടാവുന്നതല്ല. ഇപ്പോള്‍ മഹാരാജാസില്‍ നടന്ന കൊലപാതകം കേരളത്തില്‍ ആദ്യത്തേതുമല്ല. മുമ്പെങ്ങും കാണാത്ത അമിതാവേശം സി.പി.എം ഈ വിഷയത്തില്‍ കാണിക്കുന്നുണ്ടെങ്കില്‍, അതിന് പിന്നില്‍ രാഷ്ട്രീയവിരോധം മാത്രമാണ്. ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗത്തിലൂടെ എസ്.ഡി.പി.ഐ അതിനെ അതിജീവിക്കുക തന്നെ ചെയ്യും. റോയ് അറയ്ക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഫോണ്‍ നമ്പര്‍ : 9447211954
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183